ഗംഗാനദിയില്‍ ബോട്ടില്‍ ഇഫ്താര്‍ വിരുന്ന് നടത്തി; ഭക്ഷണാവശിഷ്ടങ്ങള്‍ നദിയില്‍ വലിച്ചെറിഞ്ഞു: 14 പേര്‍ അറസ്റ്റില്‍
ഗംഗാനദിയില്‍ ബോട്ടില്‍ ഇഫ്താര്‍ വിരുന്ന് നടത്തി; 14 പേര്‍ അറസ്റ്റില്‍
വാരണസി: ഗംഗാനദിയില്‍ ബോട്ടില്‍ ഇഫ്താര്‍ വിരുന്ന് നടത്തുകയും ബിരിയാണി കഴിക്കുകയും ചെയ്ത സംഭവത്തില്‍ പതിനാലുപേരെ അറസ്റ്റ് ചെയ്തു. ബോട്ടില്‍ വച്ചു ബിരിയാണി കഴിച്ചെന്നും എല്ലും മറ്റ് അവശിഷ്ടങ്ങളും ഗംഗാനദിയിലേക്ക് വലിച്ചെറിഞ്ഞെന്നും ആരോപിച്ചാണ് അറസ്റ്റ്. വാരാണസിയിലെ ബിജെപി യുവമോര്‍ച്ച നേതാവ് രജത് ജയ്‌സ്വാളിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇഫ്താര്‍ വിരുന്നിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.
ഗംഗയില്‍ മാലിന്യം നിക്ഷേപിച്ചത് മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ജയ്‌സ്വാള്‍ ആരോപിച്ചു. യുവാക്കള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആരാധനാലയം മലിനമാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍, ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത പ്രോത്സാഹിപ്പിക്കല്‍, പൊതു ശല്യം, തുടങ്ങിയ വകുപ്പുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ജല മലിനീകരണം നിയന്ത്രണ നിയമവും കേസില്‍ ചുമത്തിയിട്ടുണ്ട്. പ്രചരിച്ച വിഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷമാണ് അറസ്റ്റെന്നും പൊലീസ് വ്യക്തമാക്കി.