വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ആക്രമണം; അഞ്ചു ആദിവാസി പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗത്തിനിരയാക്കി; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പ്രതികള്‍

അഞ്ചു ആദിവാസി പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗത്തിനിരയാക്കി; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പ്രതികള്‍

Update: 2025-02-25 13:48 GMT

റാഞ്ചി: വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെ അഞ്ചു ആദിവാസി പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസില്‍ പതിനെട്ട് പേര്‍ അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ കുന്തിയിലാണ് നടുക്കുന്ന സംഭവം. പ്രായപൂര്‍ത്തിയാകാത്ത 18 ആണ്‍കുട്ടികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരില്‍ 16 വയസ്സിനുള്ള മുകളിലുള്ളവരെ പ്രായപൂര്‍ത്തിയായവരായി പരിഗണിച്ച് വിചാരണ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പീഡനത്തിന് ഇരയായവരില്‍ മൂന്നുപേര്‍ 12നും 16നും ഇടയില്‍ പ്രായമുള്ളവരാണ്. റാണിയയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൂട്ട ബലാത്സംഗത്തിനിരയാകുന്നത്.

ഞായറാഴ്ചയാണ് പെണ്‍കുട്ടികളുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുന്നത്. പ്രത്യേക അന്വേഷണ സംഘമാണ് 18 ആണ്‍കുട്ടികളെയും അറസ്റ്റ് ചെയ്തത്. അന്യായമായി തടഞ്ഞുവെക്കല്‍, കൊലപാതക ശ്രമം, കൂട്ട ബലാത്സംഗം, പോക്‌സോ നിയമത്തിലെ നാലു, എട്ട് വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തത്.

അറസ്റ്റിലായവര്‍ 12നും 17നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. ഇരകളായ പെണ്‍കുട്ടികളുടെ വൈദ്യ പരിശോധന നടത്തിയെന്നും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിട്ടുണ്ടെന്നും ഝാര്‍ഖണ്ഡ് പൊലീസ് മേധാവി അനുരാഗ് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.

Similar News