ജനങ്ങൾ ഈ സാധുക്കളെ ദിനവും പൂജിക്കുക്കുന്നു; അതുകൊണ്ട് 'രാജ്യമാതാവായി' പ്രഖ്യാപിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കോൺഗ്രസ് എംപി
ഗാന്ധിനഗർ: ഗുജറാത്തിന്റെ 'രാജ്യമാതാവായി' പശുവിനെ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഗുജറാത്തിലെ ഏക കോൺഗ്രസ് എംപി ഗെനി ബെൻ നാഗാജി ഠാക്കോർ മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിന് കത്തയച്ചു. ജനങ്ങളുടെ വിശ്വാസത്തെ മാനിച്ചാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും, മൃദു ഹിന്ദുത്വ നിലപാടല്ല ഇതിന് പിന്നിലെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മഹാരാഷ്ട്ര സർക്കാർ പശുക്കളെ സംസ്ഥാനത്തിന്റെ 'രാജ്യമാതാവായി' പ്രഖ്യാപിച്ചിരുന്നു. സമാനമായ നടപടി ഗുജറാത്തിലും ഉണ്ടാകണമെന്നാണ് എംപിയുടെ ആവശ്യം.
പ്രാദേശിക മത നേതാവായ മഹന്ത് ദേവനാഥ് ബാപ്പുവിന്റെ നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഗെനി ബെൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഈ ആവശ്യം ഉന്നയിച്ച് മഹന്ത് ദേവനാഥ് ബാപ്പു ഗുജറാത്തിലെ 159 എംപിമാർക്ക് കത്തയച്ചിരുന്നെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നാണ് എംപി നേരിട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്.
ബനാസ്കന്ത ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ഗെനി ബെൻ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന രേഖാ ചൗധരിയെ 30,000 ലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അവർ വിജയിച്ചത്. ഗുജറാത്തിലെ പശു സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോൺഗ്രസ് എംപിയുടെ ഈ നീക്കം ശ്രദ്ധേയമായിരിക്കുകയാണ്.