റോഡിലെ കുഴി ഒഴിവാക്കാൻ വെട്ടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം; അപകടം സഹോദരനൊപ്പം യാത്ര ചെയ്യവെ

Update: 2025-10-25 15:33 GMT

ബെംഗളൂരു: ബെംഗളൂരുവിൽ റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. 26കാരിയായ പ്രിയങ്കയാണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ മദനായകനഹള്ളി–ഹുസ്‌കൂർ റോഡിലാണ് സംഭവം നടന്നത്. ബാങ്ക് ജീവനക്കാരിയാണ് പ്രിയങ്ക.

പ്രിയങ്കയുടെ സഹോദരൻ നരേഷാണ് ബൈക്ക് ഓടിച്ചിരുന്നത്. റോഡിൽ പണി നടക്കുന്ന സമയമായിരുന്നു. കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹെൽമറ്റ് ധരിച്ചിരുന്ന നരേഷ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും, ഹെൽമറ്റ് ധരിക്കാത്ത പ്രിയങ്ക ട്രക്കിനടിയിൽപ്പെടുകയായിരുന്നു. യുകെ ആസ്ഥാനമായുള്ള വൺ സേവിംഗ്സ് ബാങ്കിലെ ജീവനക്കാരിയായിരുന്നു പ്രിയങ്ക.

'പതിവുപോലെ, ഞാൻ സഹോദരിയെ മെട്രോ സ്റ്റേഷനിൽ വിടാൻ പോവുകയായിരുന്നു. റോഡിലെ കുഴി കാരണം മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്ന് നിന്നു. പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിയന്ത്രണം നഷ്ടപ്പെട്ടു,' സഹോദരൻ നരേഷ് പറഞ്ഞു. സംഭവത്തിൽ മദനായകനഹള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി നെലമംഗല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. 

Tags:    

Similar News