പഞ്ചാബില്‍ ഇനി 'ഛോട്ടാ ഭായ്' ആയി തുടരാന്‍ ബി.ജെ.പി തയാറല്ല; അകാലി ദളുമായി സഖ്യമില്ല; നിയമസഭ തെരെഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് അമിത് ഷാ
ഛണ്ഡിഗഡ്: അടുത്ത വര്‍ഷം പഞ്ചാബില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒറ്റക്ക് മത്സരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പഞ്ചാബില്‍ ഇനി 'ഛോട്ടാ ഭായ്' ആയി തുടരാന്‍ ബി.ജെ.പി തയാറല്ലെന്ന് വ്യക്തമാക്കിയ അമിത് ഷാ ശിരോമണി അകാലി ദളു(എസ്.എ.ഡി)മായി സഖ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടാണ് ഈ പ്രഖ്യാപനം നടത്തിയത്. പഞ്ചാബിനെ മയക്കുമരുന്ന് മാഫിയ, കടക്കെണി എന്നിവയില്‍ നിന്നും രക്ഷിക്കാന്‍ 'ഡബിള്‍ എന്‍ജിന്‍' സര്‍ക്കാര്‍ വേണമെന്ന് മോഗയിലെ കിള്ളി ചഹ്ലാനില്‍ നടന്ന 'ബദലാവ് റാലി'യെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അമിത് ഷാ പറഞ്ഞു.
'പഞ്ചാബില്‍ ബി.ജെ.പി ഇനി രണ്ടാമതൊരു കക്ഷിയായി പ്രവര്‍ത്തിക്കില്ല. ഇതുവരെ ഞങ്ങള്‍ നിങ്ങളിലേക്ക് എത്തുമ്പോള്‍ പങ്കാളികളുണ്ടായിരുന്നു. ഇന്നുമുതല്‍ പഞ്ചാബില്‍ സ്വന്തം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പ്രചാരണം ബി.ജെ.പി ആരംഭിക്കുകയാണ്. നിങ്ങള്‍ കോണ്‍ഗ്രസിനെയും അകാലിദളിനെയും ആം ആദ്മി പാര്‍ട്ടിയെയും പരീക്ഷിച്ചു കഴിഞ്ഞു. ഇനി ഞങ്ങള്‍ക്ക് ഒരു അവസരം നല്‍കൂ' -അമിത് ഷാ പറഞ്ഞു.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടിയില്ലെങ്കിലും പഞ്ചാബില്‍ 19 ശതമാനം വോട്ട് വിഹിതം നേടാന്‍ കഴിഞ്ഞത് 2027-ലെ തിരഞ്ഞെടുപ്പിലേക്കുള്ള ചവിട്ടുപടിയായി ഷാ ചൂണ്ടിക്കാട്ടി. അസം, ഹരിയാന, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ 19 ശതമാനം വോട്ട് വിഹിതത്തില്‍ തുടങ്ങി പിന്നീട് അധികാരം പിടിച്ചെടുത്ത ചരിത്രം അമിത് ഷാ ഓര്‍മിപ്പിച്ചു. 'ഹിന്ദു-നഗര വോട്ടുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി അധികാരത്തില്‍ വന്നാല്‍ ബി.ജെ.പി ആദ്യം നടപ്പിലാക്കുന്നത് മതപരിവര്‍ത്തന വിരുദ്ധ ബില്ലായിരിക്കും. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കെതിരെ നമ്മുടെ സിഖ് ഗുരുക്കന്മാര്‍ ത്യാഗങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നിട്ടും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും മതപരിവര്‍ത്തനം നടത്തുന്നവരെ വോട്ട് ബാങ്കായി കാണുകയാണ്' -അമിത് ഷാ ആരോപിച്ചു.
ഭഗവന്ത് മന്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ആഭ്യന്തര മന്ത്രി ഉന്നയിച്ചത്. 'മുഖ്യമന്ത്രി ഭഗവന്ത് മന്‍ സ്വന്തം പാര്‍ട്ടിയുടെ നേതാവിനെ സേവിക്കാന്‍ വേണ്ടി സംസ്ഥാനത്തെ അവഗണിക്കുകയാണ്. ഒരു പൈലറ്റിനെപ്പോലെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. പഞ്ചാബ് സര്‍ക്കാരിന്റെ വിമാനത്തില്‍ അരവിന്ദ് കേജ്രിവാളിനെ രാജ്യത്തുടനീളം കൊണ്ടുപോകുക എന്നതാണ് മുഖ്യമന്ത്രിയുടെ ജോലി' - ഷാ പറഞ്ഞു. സംസ്ഥാനത്തിന്റെ ഖജനാവ് എ.എ.പിയുടെ ദേശീയ വിപുലീകരണത്തിനുള്ള എ.ടി.എം ആയെന്നും അദ്ദേഹം ആരോപിച്ചു.
അതേ സമയം രാജ്യത്തെ ഹെറോയിന്‍ കടത്തിന്റെ 45 ശതമാനവും പഞ്ചാബുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. നക്‌സലുകള്‍ക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികളെയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെയും ചൂണ്ടിക്കാട്ടിയ ഷാ, ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ രണ്ട് വര്‍ഷത്തിനകം മയക്കുമരുന്ന് ശൃംഖലയെ പൂര്‍ണമായും തുടച്ചുനീക്കുമെന്നും അവകാശപ്പെട്ടു.
