അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; പാചകവാതക പ്രതിസന്ധിയില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആന്ധ്രാപ്രദേശ് ധനമന്ത്രി
അമരാവതി: പാചകവാതക പ്രതിസന്ധിയെക്കുറിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും തടസ്സമില്ലാതെ പാചകവാതകവിതരണം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും ആന്ധ്രാപ്രദേശ് ധനമന്ത്രി പി കേശവ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ മന്ത്രിതല സമിതി ഇക്കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തുന്നുണ്ടെന്ന് അദ്ദേഹം ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു.
ശനിയാഴ്ച എണ്ണ വിതരണ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുമായും സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരുമായും കൃഷിമന്ത്രി കെ. അച്ചന്നായിഡു നടത്തിയ കൂടിക്കാഴ്ചയില്‍ പാചകവാതക ലഭ്യത വിലയിരുത്തി. ദൈനംദിന ആവശ്യകത, നിലവിലെ വിതരണ സാഹചര്യം, ഭാവി പദ്ധതികള്‍ എന്നിവയും കൂടികാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
അതേസമയം അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്ന് മന്ത്രിമാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. മറ്റ് പെട്രോളിയം ഉത്പന്നങ്ങളുടെ ഉത്പാദനം കുറച്ച്, പാചകവാതക ഉത്പാദനം 20 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം റിഫൈനറികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീടുകള്‍ക്ക് പുറമെ ആശുപത്രികള്‍ക്കും ഹോസ്റ്റലുകള്‍ക്കും പാചകവാതക വിതരണത്തില്‍ മുന്‍ഗണന നല്‍കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ഗ്യാസ് സിലിണ്ടര്‍ ബുക്കിംഗില്‍ കേന്ദ്രം ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം, നഗരങ്ങളില്‍ 25 ദിവസത്തിന് ശേഷവും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസത്തിന് ശേഷവും മാത്രമേ റീഫില്ലിംഗിനായി ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഇരട്ട സിലിണ്ടര്‍ ഉള്ള ഉപഭോക്താക്കള്‍ 32 ദിവസം കാത്തിരിക്കണം. കൂടാതെ, പാചകവാതക കരിഞ്ചന്തയില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കി.
ഹോട്ടല്‍, ഗ്യാസ് ഡീലര്‍മാരുടെ അസോസിയേഷനുകളുമായി സര്‍ക്കാര്‍ ഇതിനകം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. 95 ശതമാനം ഗ്യാസ് ബുക്കിംഗും ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. 88 ശതമാനം വിതരണവും ഒ.ടി.പി വഴിയാണ് പൂര്‍ത്തിയാക്കുന്നതെന്ന് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. ഇത് ഇനിയും വര്‍ദ്ധിപ്പിക്കുമെന്നും അറിയിച്ചു.
എല്‍.പി.ജി വിതരണത്തിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി പൈപ്പ് വഴിയുള്ള ഗ്യാസ് വിതരണത്തെക്കുറിച്ചും സംസ്ഥാനം ആലോചിക്കുന്നുണ്ടെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിസന്ധികള്‍ക്കിടയിലും ആശ്വാസമായി ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷത്തില്‍ അടച്ചിട്ട ഹോര്‍മുസ് കടലിടുക്കിലൂടെ രണ്ട് ടാങ്കറുകള്‍ കടന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചാര്‍ട്ടര്‍ ചെയ്ത ശിവാലിക്, നന്ദാദേവി എന്നീ കപ്പലുകള്‍ അടുത്ത ആഴ്ച ഇന്ത്യന്‍ തീരത്തെത്തും. ഇതോടെ രാജ്യത്തെ പാചക വാതക വിതരണം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ.
