സ്‌കൂളിലെത്താന്‍ രണ്ടു മിനിറ്റ് വൈകിയതിന് രണ്ട് മണിക്കൂര്‍ വെയിലത്ത് നിര്‍ത്തി; ഒന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂരമായ ശിക്ഷ
ബെംഗളൂരു: സ്‌കൂളിലെത്താന്‍ രണ്ടു മിനിറ്റ് വൈകിയതിന് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ രണ്ടു മണിക്കൂര്‍ വെയിലത്തു നിര്‍ത്തിയതായി ആരോപണം. യെലഹങ്കയിലെ അട്ടൂര്‍ ലേഔട്ടിന് സമീപമുള്ള ഒരു സ്വകാര്യ സ്‌കൂളിലാണ് ക്രൂരമായ ശിക്ഷാരീതി നടപ്പാക്കിയത്. വിവരമറിഞ്ഞ് എത്തിയ കുട്ടിയുടെ മാതാപിതാക്കളോട് സ്‌കൂള്‍ അധികൃതര്‍ മോശമായി പെരുമാറിയതായും ആരോപണമുണ്ട്.
സ്‌കൂളിലെത്താന്‍ രണ്ടു മിനിറ്റ് വൈകിയതിനാണ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ശിക്ഷയായി ഏകദേശം രണ്ട് മണിക്കൂറോളം വെയിലത്ത് നിര്‍ത്തിയത്. സംഭവത്തെക്കുറിച്ച് അറിഞ്ഞ് സ്‌കൂളില്‍ എത്തിയ കുട്ടിയുടെ മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചു. ഇതിന് പ്രിന്‍സിപ്പല്‍ വളരെ മോശമായ രീതിയിലാണ് തങ്ങളോട് സംസാരിച്ചതെന്ന് ഇവര്‍ പറയുന്നു.
ഇതിനുപിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമമായ എക്സില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. വിഷയം ശ്രദ്ധയില്‍പെട്ട യെലഹങ്ക ന്യൂ ടൗണ്‍ പോലീസ് നോണ്‍-കോഗ്നിസബിള്‍ റിപ്പോര്‍ട്ട് (NCR) രജിസ്റ്റര്‍ ചെയ്ത് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
സംഭവത്തെ വളരെ ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളതെന്നും കുട്ടികളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നത് 2015-ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും പരിചരണവും) നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും പോലീസ് വ്യക്തമാക്കി.