ആളൊഴിഞ്ഞ റോഡില്‍വച്ച് 20 കാരിയോട് അശ്ലീല ആംഗ്യം കാണിച്ചു; വിഡിയോ വൈറലായതോടെ രണ്ട് പേര്‍ അറസ്റ്റില്‍
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ 20കാരിയോട് മോശമായി പെരുമാറുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്ത രണ്ട് പേര്‍ അറസ്റ്റില്‍. സംഭവത്തിന്റെ വിഡിയോ യുവതി മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികള്‍ അറസ്റ്റിലായത്. മോര്‍ണ ഗ്രാമത്തില്‍ നിന്നുള്ള മോഹിത് ബൈസോയ (23), പ്രിന്‍സ് ബൈസോയ (25) എന്നിവരാണ് പിടിയിലായത്.
സെക്ടര്‍ 51 ലെ ഒരു ഹോട്ടലിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. പരാതിക്കാരിയായ യുവതിയോട് ഇരുവരും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുകയായിരുന്നു. യുവതി ഓണ്‍ലൈനില്‍ പങ്കിട്ട വിഡിയോയില്‍ ആളൊഴിഞ്ഞ റോഡില്‍ നിന്നും യുവാക്കള്‍ മോശമായി പെരുമാറുന്നതും അശ്ലീല ആംഗ്യം കാണിക്കുന്നതും വ്യക്തമാണ്. വിഡിയോയില്‍ ഒന്നിലധികം യുവാക്കളുണ്ട്.
ചിലര്‍ കയ്യിലെ വടികള്‍ ഉയര്‍ത്തിക്കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. യുവതി ദൃശ്യം പകര്‍ത്തുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ നിമിഷം അവര്‍ മുഖംമൂടി ധരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിഡിയോ വൈറലായതോടെ കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പ്രദേശവാസികളും രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാക്കളെ അറസ്റ്റ് ചെയ്തത്.
ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 79, 351(2), 352 എന്നീ വകുപ്പുകള്‍ പ്രകാരം സെക്ടര്‍ 49 പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളിലൊരാളായ മോഹിത്തിന് ക്രിമിനല്‍ പശ്ചാത്തലമുള്ളതായും പൊലീസ് പറയുന്നു. സെക്ടര്‍ 24 പൊലീസ് സ്റ്റേഷനില്‍ 2018 ല്‍ ഇയാള്‍ക്കെതിരെ കലാപം, അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി പൊലീസ് അറിയിച്ചു. യുവതിയും പ്രതികളില്‍ ഒരാളും തമ്മില്‍ പരസ്പരം പരിചയമുണ്ടെന്നും പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.