ജമ്മു കശ്മീര്‍ എക്കാലവും ഇന്ത്യയുടെ അവിഭാജ്യഘടകം; അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുവെന്ന് ഇന്ത്യ

Update: 2025-10-25 08:16 GMT

ന്യൂയോര്‍ക്ക്: ജമ്മു കശ്മീര്‍ എക്കാലവും ഇന്ത്യയുടെ അവിഭാജ്യഘടകമെന്ന് യു.എന്‍ ജനറല്‍ അസംബ്‌ളിയില്‍ ആവര്‍ത്തിച്ച് ഇന്ത്യ. അതിര്‍ത്തി മേഖലയിലും പാക് അധീന കശ്മീരിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അനധികൃതമായി കയ്യേറി കൈവശം വെച്ചിരിക്കുന്ന മേഖലകളില്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് പാകിസ്ഥാനോട് ആവശ്യപ്പെടാനുള്ളതെന്നും ഇന്ത്യ വ്യക്തമാക്കി.

ജമ്മുകശ്മീരിലെ ജനങ്ങള്‍ ഇന്ത്യയുടെ കാലാതീതമായ ജനാധിപത്യ പാരമ്പര്യത്തിലും ഭരണഘടനാ ചട്ടക്കൂടിലും നിലനില്‍ക്കും. പാകിസ്താനെ സംബന്ധിച്ചിടത്തോളം ഇതൊക്കെ കേട്ടുകേള്‍വിയില്ലാത്ത സങ്കല്‍പ്പങ്ങളാണെന്ന് ഞങ്ങള്‍ക്കറിയാമെന്നും ഇന്ത്യന്‍ അംബാസഡര്‍ പര്‍വതനേനി ഹരീഷ് പറഞ്ഞു. ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗണ്‍സിലില്‍ പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലയിടങ്ങളിലും പാകിസ്താന്റെ സൈനിക അധിനിവേശത്തിനെതിരെയും അടിച്ചമര്‍ത്തലുകള്‍ക്കും ക്രൂരതക്കുമെതിരെയും ഭൗമ വിഭവങ്ങളുടെ ചൂഷണത്തിനെതിരെയും ജനം തെരുവിലിറങ്ങിയിരിക്കുകയാണെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.

നിയമം കാറ്റില്‍ പറത്തി അതിര്‍ത്തിമേഖയില്‍ ആളുകളെ കൊന്നൊടുക്കുന്ന അതിക്രമങ്ങളില്‍ പാകിസ്താനില്‍ നിന്ന് വിശദീകരണം തേടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. മേഖലയില്‍ മതസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും പാകിസ്താന്‍ നിഷേധിച്ചിരിക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് പകരം പാകിസ്താന്‍ സ്വന്തം അതിര്‍ത്തിമേഖലയിലെ തീവ്രവാദകേന്ദ്രങ്ങള്‍ നീക്കാന്‍ നടപടിയെടുക്കുകയാണ് വേണ്ടതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Similar News