പോലീസുകാരനോട് തർക്കിച്ച് നിൽക്കുന്ന ടാക്സി ഡ്രൈവർ; കോളറിന് കയറി പിടിച്ച് തള്ളി ബഹളം; നടുറോഡിലെ കൈവിട്ട കളി വൈറൽ; എന്തൊക്കെ കാണണമെന്ന് കമെന്റുകൾ

Update: 2025-10-24 16:06 GMT

ബെംഗളൂരു: ആർടി നഗർ ഫ്ലൈ ഓവറിന് സമീപം ട്രാഫിക് പോലീസുദ്യോഗസ്ഥനും ടാക്സി ഡ്രൈവറും തമ്മിൽ നടന്ന വാക്കുതർക്കവും കയ്യാങ്കളിയും ഒപ്പിയെടുത്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. നിസ്സാരമായ പാർക്കിംഗ് പ്രശ്നത്തെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ, പോലീസുദ്യോഗസ്ഥൻ ടാക്സി ഡ്രൈവറെ മർദ്ദിച്ചതായാണ് വീഡിയോയിൽ കാണുന്നത്.

'കർണാടക പോർട്ട്ഫോളിയോ' എന്ന സോഷ്യൽ മീഡിയ പേജാണ് "ഞെട്ടിക്കുന്ന സംഭവം" എന്ന തലക്കെട്ടോടെ വീഡിയോ പങ്കുവെച്ചത്. വെറും അഞ്ച് മിനിറ്റ് നേരത്തേക്ക് വാഹനം പാർക്ക് ചെയ്തതിൻ്റെ പേരിൽ പോലീസുദ്യോഗസ്ഥൻ ഡ്രൈവറെ അധിക്ഷേപിക്കുകയും, തുടർന്ന് പൊതുജനമധ്യത്തിൽ വെച്ച് മർദ്ദിക്കുകയും പിടിച്ചുതള്ളുകയും ചെയ്തെന്ന് പോസ്റ്റിൽ പറയുന്നു. സംഭവത്തിന് ദൃക്സാക്ഷികളായവരും ഉദ്യോഗസ്ഥൻ്റെ ഭാഗത്തുനിന്നുള്ള അധികാരം ദുരുപയോഗം ഉണ്ടായതായി ആരോപിക്കുന്നു.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, ബെംഗളൂരു സിറ്റി പോലീസിൻ്റെ ഔദ്യോഗിക 'എക്സ്' അക്കൗണ്ട് വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. ആർടി നഗർ ട്രാഫിക് പോലീസിനെയും ട്രാഫിക് നോർത്ത് വിഭാഗം ഡെപ്യൂട്ടി കമ്മീഷണറെയും ടാഗ് ചെയ്തുകൊണ്ടാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വിഷയത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. പോലീസുദ്യോഗസ്ഥൻ്റെ അതിക്രമത്തെ പലരും അപലപിക്കുമ്പോൾ, തെറ്റായ സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത ഡ്രൈവറുടെ നടപടിയെ വിമർശിക്കുന്നവരും നിരവധിയാണ്. തെറ്റായ പാർക്കിംഗ് ഗുരുതരമായ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നും, ഡ്രൈവറും ശിക്ഷിക്കപ്പെടണമെന്നും ചിലർ അഭിപ്രായപ്പെടുന്നു.

Tags:    

Similar News