പശ്ചിമേഷ്യ സംഘര്‍ഷം; എത്യോപ്യ-എറിത്രിയ അതിര്‍ത്തിക്ക് സമീപം എത്തിയശേഷം മടങ്ങി; ഡല്‍ഹിയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

Update: 2026-03-09 12:00 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം പാതി വഴിയില്‍ നിന്ന് യു ടേണ്‍ എടുത്ത് തിരിച്ചിറക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ വ്യോമപാത നിയന്ത്രണങ്ങള്‍ കാരണമാണ് വിമാനം തിരിച്ചിറക്കിയത്. എത്യോപ്യ-എറിത്രിയ അതിര്‍ത്തിക്ക് സമീപം എത്തിയപ്പോഴാണ് വിമാനം യു-ടേണ്‍ എടുത്ത് തിരികെ പറക്കാന്‍ തുടങ്ങിയതെന്ന് ഫ്‌ലൈറ്റ് ട്രാക്കിങ് സേവനമായ ഫ്‌ലൈറ്റ്റഡാര്‍24 റിപ്പോര്‍ട്ട് ചെയ്തു. ഏതാണ്ട് ഏഴ് മണിക്കൂറോളം ആകാശത്ത് തുടര്‍ന്ന ശേഷമാണ് വിമാനം ഡല്‍ഹിയിലേക്ക് തന്നെ മടങ്ങാന്‍ തീരുമാനിച്ചത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അവസാന നിമിഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് വിമാനം തിരിച്ചുവിടാന്‍ പ്രേരിപ്പിച്ചത് എന്ന് ഇന്‍ഡിഗോ വക്താവ് അറിയിച്ചു.

പശ്ചിമേഷ്യയിലെ സംഘര്‍ഷ മേഖലകള്‍ ഒഴിവാക്കാനായി ഗള്‍ഫ് ഓഫ് ഏദന്‍ വഴിയും ആഫ്രിക്കയുടെ ഭാഗങ്ങള്‍ വഴിയുമുള്ള പ്രത്യേക പാതയാണ് വിമാനം സ്വീകരിച്ചിരുന്നത്. എന്നിട്ടും മേഖലയിലെ വ്യോമപാത നിയന്ത്രണങ്ങളില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങള്‍ വിമാനത്തിന്റെ യാത്ര തടസ്സപ്പെടുത്തുകയായിരുന്നു. അവസാന നിമിഷം വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കേണ്ടി വന്നതെന്ന് ഇന്‍ഡിഗോ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.'പശ്ചിമേഷ്യയിലും പരിസര പ്രദേശങ്ങളിലും സംഭവവികാങ്ങള്‍ കാരണം, ചില വിമാനങ്ങള്‍ക്ക് ദീര്‍ഘദൂര റൂട്ടുകള്‍ എടുക്കുകയോ വഴിതിരിച്ചുവിടലുകള്‍ നേരിടുകയോ ചെയ്യാം. പശ്ചിമേഷ്യയിലെ നിലവിലുള്ള സാഹചര്യം കാരണം ഡല്‍ഹിയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് സര്‍വീസ് നടത്തുന്ന 6E 033 വിമാനം അവസാന നിമിഷം വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം മടങ്ങേണ്ടിവന്നു,' ഇന്‍ഡിഗോ വക്താവ് പറഞ്ഞു. യാത്ര തുടരാനുള്ള സാധ്യതകളെക്കുറിച്ച് ബന്ധപ്പെട്ട അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണെന്നും എയര്‍ലൈന്‍ അറിയിച്ചു. ഇറാനില്‍ ഇസ്രായേലും യു.എസും വ്യോമാക്രമണം തുടങ്ങിയതിന് ശേഷം വിമാന സര്‍വീസുകള്‍ താറുമാറായിരിക്കുകയാണ്.

Similar News