വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമം; നഴ്‌സും സംഘവും പിടിയില്‍
ബെംഗളൂരു: കര്‍ണാടകയിലെ ദേവനാഗരിയില്‍ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നഴ്‌സും സംഘവും പിടിയിലായി. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ സുഷ്മിതയും കൂട്ടാളികളായ മൂന്ന് പുരുഷന്മാരുമാണ് പിടിയിലായത്. സ്വകാര്യമായി പകര്‍ത്തിയ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു സംഘത്തിന്റെ ശ്രമം. ഇതൊരു ഹണി ട്രാപ്പാണെന്നാണ് കണ്ടെത്തിയതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മറ്റാര്‍ക്കെങ്കിലും ഇതില്‍ പങ്കാളിത്തമുണ്ടോ എന്ന് അന്വേഷിക്കുകയാണ്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും സാങ്കേതിക പരിശോധനയ്ക്ക് ഫോണുകള്‍ വിധേയമാക്കുമെന്നും പറഞ്ഞു.
സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ 27കാരി സുഷ്മിത, കൂട്ടാളികളായ കൃഷ്ണ, രാഹുല്‍, ചന്നബസപ്പ എന്നിവരെയാണ് വ്യവസായിയുടെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സുഷ്മിതയ്‌ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുമെന്നും മാധ്യമങ്ങള്‍ക്ക് കൈമാറുമെന്നുമായിരുന്നു ഭീഷണി. വീഡിയോ പുറത്തുവിടാതിരിക്കാന്‍ 25 ലക്ഷം രൂപയാണ് ദേവനാഗരിയിലെ സിദ്ധവീരപ്പ ലേഔട്ടില്‍ താമസിക്കുന്ന വ്യവസായിയില്‍ നിന്ന് സംഘം ആവശ്യപ്പെട്ടത്.
അത്രയും തരാനില്ലെന്ന് പരാതിക്കാരന്‍ പറഞ്ഞതോടെ 12 ലക്ഷമാക്കി. ആദ്യ ഗഡു എന്ന നിലയില്‍ ഒരു ലക്ഷം രൂപയും നല്‍കി. ഈ പണം കിട്ടിയ ശേഷം ഭീഷണി തുടര്‍ന്നതോടെയാണ് വ്യവസായി വിദ്യാനഗര്‍ പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് പണം നല്‍കാമെന്ന് വ്യക്തമാക്കി പൊലീസ് ഒരുക്കിയ കെണിയില്‍ പ്രതികള്‍ കുടുങ്ങുകയായിരുന്നു. ഇവരില്‍ നിന്ന് ഒരു ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
മറ്റൊരു സ്ത്രീ മുഖേനയാണ് സുഷ്മിതയെ അറുപത്തിയേഴുകാരനായ വ്യവസായി പരിചയപ്പെട്ടത്. ഇവര്‍ക്ക് ഈ തട്ടിപ്പില്‍ ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മക്കളുടെ പഠനത്തിന് സഹായം തേടിയ സുഷ്മിത പിന്നീട് ഇദ്ദേഹവുമായി അടുപ്പത്തിലാകുക ആയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വിദ്യാനഗര്‍ പൊലീസ് അറിയിച്ചു.