15 ദിവസത്തെ സാവകാശം വേണം; കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐയുടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി വിജയ്

15 ദിവസത്തെ സാവകാശം വേണം; കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐയുടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി വിജയ്

Update: 2026-03-10 08:18 GMT

ചെന്നൈ: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ 15 ദിവസത്തെ സാവകാശം വേണമെന്ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് സിബിഐയോട് ആവശ്യപ്പെട്ടു. ന്യൂഡല്‍ഹിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാം എന്നാണ് വിജയ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ചെന്നൈയിലേക്ക് മാറ്റണമെന്നാണ് താരത്തിന്റെ ആവശ്യം. മൂന്നാം തവണയാണ് സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം തനിക്ക് എത്താന്‍ കഴിയില്ലെന്നാണ് വിജയ് അറിയിച്ചത്.

സെപ്തംബര്‍ 27ന് കരൂരില്‍ നടന്ന ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 41 പേരാണ് മരിച്ചത്. ഏഴ് മണിക്കൂര്‍ വൈകിയാണ് വിജയ് പരിപാടിക്കെത്തിയത്. ആളുകള്‍ തളര്‍ന്നു വീണിട്ടും പ്രസംഗം തുടര്‍ന്നതും, അപകടം നടന്നിട്ടും പ്രതികരിക്കാതെ താരം ചെന്നൈയിലേക്ക് മടങ്ങിയതും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് സിബിയെ മൂന്നാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ജനുവരിയില്‍ രണ്ട് തവണ വിജയ്യെ സിബിഐ ചോദ്യം ചെയ്തിരുന്നു.

തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടി മത്സരരംഗത്തിറങ്ങുന്നത് ഡിഎംകെ, ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. വിജയ്യെ എന്‍ഡിഎ സഖ്യത്തിലെത്തിക്കാന്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് സിബിഐയുടെ നടപടി.

ജനനായകന്‍ സിനിമയുടെ റിലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡുമായും പ്രശ്‌നങ്ങളുണ്ട്. മാര്‍ച്ച്9 ന് സിബിഎഫ്‌സിയുടെ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍റ്റിഫിക്കേഷന്‍) റിവൈസിങ് കമ്മിറ്റി ചിത്രം വീണ്ടും കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും സ്‌ക്രീനിങ് മുടങ്ങി. സിനിമ റിലീസ് തടഞ്ഞത് ഉള്‍പ്പടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച താരം, തനിക്കെതിരെ നടക്കുന്നതെല്ലാം രാഷ്ട്രീയ പകപോക്കലാണെന്നും പ്രസ്താവന നടത്തി.

Tags:    

Similar News