മേഘാലയയില്‍ സംഘര്‍ഷം: ഗാരോ ഹില്‍സില്‍ നിരോധനാജ്ഞ; ഇന്‍ര്‍നെറ്റ് റദ്ദാക്കി; അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സിആര്‍പിഎഫിനെയും പോലീസിനെയും വിന്യസിച്ചു

മേഘാലയയില്‍ സംഘര്‍ഷം: ഗാരോ ഹില്‍സില്‍ നിരോധനാജ്ഞ

Update: 2026-03-10 08:10 GMT

തുറ: മേഘാലയയില്‍ സ്വയംഭരണ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട് വെസ്റ്റ് ഗാരോ ഹില്‍സില്‍ വ്യാപക അക്രമം. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി മാര്‍ച്ച് 10മുതല്‍ 24മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും 48മണിക്കൂര്‍ നേരത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.

ഏപ്രില്‍ 10-ന് നടക്കാനിരിക്കുന്ന ഗാരോ ഹില്‍സ് സ്വയംഭരണ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ നിര്‍ബന്ധമായും വാലിഡ് ആയ പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന പുതിയ നിബന്ധനയാണ് പ്രതിഷേധത്തിന് കാരണമായത്. തിങ്കളാഴ്ച വൈകുന്നേരം ചിബിനാങ് മേഖലയില്‍ പ്രതിഷേധക്കാര്‍ നിരവധി കടകള്‍ അടിച്ചുതകര്‍ക്കുകയും സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സി ആര്‍ പി എഫിനെയും സംസ്ഥാന പോലീസിനെയും വന്‍തോതില്‍ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിനമായ തിങ്കളാഴ്ച ആരും പത്രിക സമര്‍പ്പിച്ചിട്ടില്ല.രാഷ്ട്രീയ പാര്‍ട്ടികള്‍ ഫോമുകള്‍ കൈപ്പറ്റിയെങ്കിലും അക്രമസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നടപടികള്‍ മന്ദഗതിയിലാണ്.മാര്‍ച്ച് 16വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം.

Tags:    

Similar News