മോര്‍ച്ചറിയില്‍ മൃതദേഹം എലി കരണ്ടു: ഉത്തര്‍പ്രദേശില്‍ വന്‍ പ്രതിഷേധം; വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടു
മോര്‍ച്ചറിയില്‍ മൃതദേഹം എലി കരണ്ടു: ഉത്തര്‍പ്രദേശില്‍ വന്‍ പ്രതിഷേധം; വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടു
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഡിവിഷണല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന യുവാവിന്റെ മൃതദേഹം എലി കരണ്ട നിലയില്‍ കണ്ടെത്തി. താരാക്പൂര്‍ സ്വദേശിയായ അഭിഷേക് മാലി (26)എന്ന യുവാവിന്റെ മൃതദേഹമാണ് എലികള്‍ കടിച്ച് വികൃതമാക്കിയത്. സംഭവത്തെത്തുടര്‍ന്ന് രോഷാകുലരായ ബന്ധുക്കള്‍ ആശുപത്രി പരിസരത്ത് വന്‍ പ്രതിഷേധം നടത്തി.
ഞായറാഴ്ച രാവിലെയാണ് അഭിഷേക് മാലിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മൃതദേഹം ഫ്രീസറില്‍ വെക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫ്രീസര്‍ കേടാണെന്ന മറുപടിയാണ് ആശുപത്രി അധികൃതര്‍ നല്‍കിയതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം വൈകിയതിനാല്‍ മൃതദേഹം വെറും ഐസ് കട്ടകള്‍ക്ക് മുകളിലാണ് സൂക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ മൃതദേഹം വിട്ടുവാങ്ങാനായി എത്തിയപ്പോഴാണ് മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവുകള്‍ കണ്ടത്.
സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് സച്ചിന്‍ കിഷോര്‍ അറിയിച്ചു. മൃതദേഹത്തില്‍ മുറിവുകളുണ്ടെന്ന കാര്യം ചീഫ് മെഡിക്കല്‍ ഓഫീസര്‍ സുനില്‍ സിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് എലി കരണ്ടതാണോ എന്ന് ഉറപ്പിക്കാന്‍ വീണ്ടും പരിശോധനകള്‍ വേണമെന്ന നിലപാടിലാണ്.