ദീപാവലി ദിനത്തില്‍ ഡല്‍ഹിയില്‍ സ്‌ഫോടനം നടത്താന്‍ ലക്ഷ്യമിട്ടു; ഐഎസ്‌ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന രണ്ടു പേര്‍ അറസ്റ്റില്‍

ദീപാവലി ദിനത്തില്‍ സ്‌ഫോടനം നടത്താന്‍ ലക്ഷ്യമിട്ടു; രണ്ടു പേര്‍ അറസ്റ്റില്‍

Update: 2025-10-25 01:09 GMT

ഡല്‍ഹി: ദീപാവലി ആഘോഷത്തിനിടെ ഡല്‍ഹിയിലെ പലസ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ലക്ഷ്യമിട്ട രണ്ടു പേര്‍ പിടിയില്‍. ഇവര്‍ക്ക് ഐഎസ്‌ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പിടിയിലായ രണ്ടുപേരുടെയും പേര് അദ്‌നാന്‍ എന്നാണ്. തെക്കന്‍ ഡല്‍ഹിയിലെ ഒരു പ്രമുഖ മാളും ഒരു പൊതു പാര്‍ക്കും ഉള്‍പ്പെടെ, തലസ്ഥാനത്തെ തിരക്കേറിയ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താനായിരുന്നു ഇരുവരുടേയും ഉദ്ദേശ്യമെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.

ഇവരില്‍ ഒരാള്‍ ഡല്‍ഹി സ്വദേശിയും മറ്റെയാള്‍ ഭോപ്പാല്‍ സ്വദേശിയുമാണ്. ഇവരില്‍ നിന്ന് കണ്ടെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് തെളിവുകളും ഇരുവരും വിദേശത്തുള്ളവരുമായി ബന്ധം പുലര്‍ത്തിയിരുന്നെന്നും ഐഇഡി ആക്രമണത്തിന്റെ അവസാന ഘട്ട തയാറെടുപ്പിലായിരുന്നുവെന്നും സൂചിപ്പിക്കുന്നതായി പൊലീസ് അറിയിച്ചു. ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുവിനുള്ള താല്‍ക്കാലിക ടൈമറായി ഉപയോഗിക്കുന്ന ഒരു വാച്ച് പിടിച്ചെടുത്തു. ഡല്‍ഹിയിലും ഭോപ്പാലിലും നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ഡല്‍ഹി സ്വദേശിയായ പ്രതിയെ ഒക്ടോബര്‍ 16ന് സാദിഖ് നഗറില്‍ നിന്നാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടാമത്തെയാളെ ഭോപ്പാലില്‍ നിന്ന് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്ക് ഐഎസ്‌ഐയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags:    

Similar News