ഒന്ന് മാറിയിരിക്കാൻ പറഞ്ഞപ്പോൾ..അയാൾ എന്നോട് പറയുവാ..'അഡ്ജസ്റ്റ്' ചെയ്യാൻ; തേർഡ് എസിയിൽ യാത്ര ചെയ്യുന്നത് ഇപ്പൊ..പേടിസ്വപ്നമാണ്‌; ട്രെയിനിലെ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി

Update: 2025-10-25 12:18 GMT

ഡൽഹി: ഇന്ത്യൻ റെയിൽവേയിലെ തേർഡ് എസി കോച്ചുകളിൽ പോലും വനിതാ യാത്രക്കാർക്ക് സുരക്ഷിതമല്ലാത്ത യാത്രാനുഭവങ്ങൾ നേരിടുന്നുവെന്ന പരാതി സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി. വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവർ ടിക്കറ്റെടുത്തിട്ടും ടിക്കറ്റില്ലാത്തവർ സീറ്റുകൾ കയ്യേറുന്നതായും, അടിസ്ഥാനപരമായ ആവശ്യങ്ങൾ പോലും പരിഗണിക്കാത്തതായും യുവതി പങ്കുവെച്ച റെഡ്ഡിറ്റ് പോസ്റ്റ് പുറത്തുവന്നതോടെയാണ് ഈ വിഷയങ്ങൾ വീണ്ടും ചർച്ചയായത്.

പരീക്ഷയെഴുതുന്നതിനായി സഹോദരനൊപ്പം മറ്റൊരു നഗരത്തിലേക്ക് യാത്ര ചെയ്ത യുവതിയാണ് തൻ്റെ ദുരനുഭവം വിശദീകരിച്ചത്. തേർഡ് എസി ടിക്കറ്റുകൾ ഉണ്ടായിരുന്നിട്ടും, ട്രെയിനിൽ കയറിയപ്പോൾ തങ്ങളുടെ സീറ്റുകളിൽ ടിക്കറ്റില്ലാത്തവർ ഇരിക്കുകയായിരുന്നു. സീറ്റ് ഒഴിയാൻ ആവശ്യപ്പെട്ടപ്പോൾ "ഇന്ന് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും" എന്നായിരുന്നു മറുപടി. സഹായം അഭ്യർത്ഥിച്ചിട്ടും ടിക്കറ്റില്ലാത്തയാൾ അതിന് വഴങ്ങിയില്ലെന്നു മാത്രമല്ല, തൻ്റെ മൂന്ന് സുഹൃത്തുക്കളെക്കൂടി സീറ്റിലേക്ക് ഇരുത്തിയെന്നും യുവതി ആരോപിച്ചു.

യാത്രയുടെ തിരിച്ചും സമാനമായ ദുരനുഭവമാണ് നേരിട്ടതെന്ന് യുവതി വെളിപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും, സഹയാത്രികരിൽ നിന്നുള്ള അനുകമ്പക്കുറവുമാണ് പ്രധാന പ്രശ്നങ്ങളെന്ന് അവർ ചൂണ്ടിക്കാട്ടി. ആർത്തവം പോലുള്ള ശാരീരിക ആവശ്യങ്ങൾക്ക് പോലും ടോയ്ലറ്റുകൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നതായും, ഇത് മാനസികമായി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതായും യുവതി വേദനയോടെ പങ്കുവെച്ചു. വിദൂര നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുമ്പോൾ യാത്രാ സൗകര്യങ്ങളെക്കുറിച്ചും അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും അധികൃതർ കൂടുതൽ ശ്രദ്ധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

റെയിൽ മദദ് സംവിധാനം ഉപയോഗിച്ച് പരാതി നൽകിയെങ്കിലും കാര്യമായ ഫലം കണ്ടില്ലെന്ന് യുവതി പറഞ്ഞു. ഒരു പോലീസ് ഉദ്യോഗസ്ഥൻ വരാൻ സാധ്യതയുണ്ടെന്ന് കണ്ടപ്പോൾ ടിക്കറ്റില്ലാത്തയാൾ സീറ്റ് ഒഴിഞ്ഞെങ്കിലും, പ്രശ്നം പരിഹരിച്ചോ എന്ന് അന്വേഷിക്കാൻ വന്ന ആർ‌പി‌എഫ് ഉദ്യോഗസ്ഥന് ഒരു സീറ്റിൽ ഒന്നിലധികം ആളുകൾ ഇരിക്കുന്നത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    

Similar News