രക്തസാക്ഷിത്വം വരിച്ച ധീരന്‍; കറുത്ത കുര്‍ത്ത ധരിച്ച് മുദ്രാവാക്യങ്ങളുമായി ഒരുകൂട്ടം ആളുകള്‍: ഖമനയി കൊല്ലപ്പെട്ടതിന്റെ പേരില്‍ ഛത്തീസ്ഗഡില്‍ പ്രതിഷേധം

ഖമനയി കൊല്ലപ്പെട്ടതില്‍ ഛത്തീസ്ഗഡില്‍ പ്രതിഷേധം

Update: 2026-03-02 00:06 GMT

റായ്പൂര്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഛത്തീസ്ഗഡില്‍ പോസ്റ്ററുകളും ലഘുലേഖകളും. രക്തസാക്ഷിത്വം വരിച്ച ധീരന്‍ എന്നാണ് പോസ്റ്ററുകളിലുള്ളത്. തലസ്ഥാനത്തെ ഷിയാ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ മോമിന്‍പാറ പ്രദേശത്താണു പോസ്റ്ററുകള്‍ കണ്ടതെന്നു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഖമനയിയെ പ്രകീര്‍ത്തിക്കുന്ന പോസ്റ്ററുകളും യുഎസിനെയും ഇസ്രായേലിനെയും വിമര്‍ശിക്കുന്ന ലഘുലേഖകളുമാണു കണ്ടെത്തിയത്.

രക്തസാക്ഷിത്വം വരിച്ച ധീരനായിരുന്നു ഖമനയിയെന്നാണു പോസ്റ്ററുകളിലൊന്നില്‍ ഹിന്ദിയില്‍ എഴുതിയിരുന്നത്. കറുത്ത കുര്‍ത്ത ധരിച്ച ഒരു കൂട്ടം ആളുകള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനും എതിരെ മുദ്രാവാക്യം വിളിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രായേല്‍ യുഎസ് പതാകകളും ട്രംപിന്റെയും നെതന്യാഹുവിന്റെയും ചിത്രങ്ങളും റോഡില്‍ ഉപേക്ഷിച്ചതായും കണ്ടെത്തി. പ്രകടനം നടന്നേക്കുമെന്നു സൂചന ലഭിച്ചതിനെ തുടര്‍ന്നു പ്രദേശത്ത് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.

യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തിലാണ് ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടത്. അതേസമയം ഛത്തീസ്ഗഡില്‍ നിന്ന് ഇറാനിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത എല്ലാവരുടെയും രേഖകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടെന്നു ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Tags:    

Similar News