ഭാര്യയുമായി വഴക്ക്; ഏഴു വയസുകാരിയെ മര്‍ദിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി: ഒളിവില്‍ പോയ രണ്ടാനച്ഛനായി തിരച്ചില്‍

ഏഴു വയസുകാരിയെ കൊലപ്പെടുത്തി: ഒളിവില്‍ പോയ രണ്ടാനച്ഛനായി തിരച്ചില്‍

Update: 2025-10-26 01:45 GMT

ബെംഗളൂരു:ഭാര്യയുമായി വഴക്കിട്ട് രണ്ടാനച്ഛന്‍ ഏഴു വയസുകാരിയെ മര്‍ദിച്ച് അവശയാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ബെംഗളൂരു കുമ്പളഗൗഡ സ്വദേശി ദര്‍ശന്‍ ആണ് കൊല നടത്തിയത്. ദര്‍ശന്റെ ഭാര്യ ശില്‍പ്പ നല്‍കിയ പരാതിയിലാണ് അന്വേഷണം. ശില്‍പ്പയുടെ ആദ്യ വിവാഹത്തിലെ മകളായ സിരിയെ ആണ് ദര്‍ശന്‍ കൊലപ്പെടുത്തിയത്. ഏഴു വയസുകാരിയായ സിരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ദര്‍ശനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

നാല് മാസങ്ങള്‍ക്ക് മുമ്പാണ് ദര്‍ശനും ശില്‍പ്പയും തമ്മില്‍ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശില്‍പ്പയും ദര്‍ശനും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാവിലെയും ഇരുവരും തമ്മില്‍ തക്കമുണ്ടായി. പിന്നീട് ശില്‍പ്പ ജോലിക്ക് പോവുകയും ചെയ്തു. ഈ സമയം ദര്‍ശന്‍ വീട്ടിലുണ്ടായിരുന്നു. വൈകിട്ട് സ്‌കൂള്‍ വിട്ടെത്തിയ കുഞ്ഞ് ദര്‍ശനോട് എന്തോ ചോദിക്കുകയും ഇതില്‍ പ്രകോപിതനായ യുവാവ് കുഞ്ഞിനെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു.

വൈകിട്ട് ശില്‍പ്പ ജോലി കഴിഞ്ഞെത്തുമ്പോള്‍ വീട് പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ജനലിലൂടെ നോക്കിയ ശില്‍പ്പയാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ വീടിനുള്ളില്‍ മകളെ കണ്ടെത്തിയത്. വീട് പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ശില്‍പ്പയുടെ കരച്ചില്‍ കേട്ട് ഓടിയത്തിയവര്‍ വാതില്‍ തകര്‍ത്ത് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും. ഒളിവില്‍ പോയ ദര്‍ശനെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

Tags:    

Similar News