ഓടുന്ന ട്രെയിനില്‍ കയറാന്‍ശ്രമം; യുവതി കാല്‍ത്തെന്നി വീണു; സാഹസികമായി ജീവന്‍ രക്ഷിച്ച ആര്‍പിഎഫ് ഉദ്യോഗസ്ഥന് സല്യൂട്ട്
ഈറോഡ്: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി വീണ ഒരു യുവതിയെ അത്ഭുതരമായി രക്ഷപെടുത്തി ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍. തമിഴ്നാട്ടിലെ ഈറോഡ് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഒരു വന്‍ ദുരന്തമാണ് കൃത്യ സമയത്തുള്ള രക്ഷാപ്രവര്‍ത്തനം വഴി ഒഴിവായത്. ചെന്നൈയിലേക്ക് പോവുകയായിരുന്ന യേര്‍ക്കാട് എക്‌സ്പ്രസ്സില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് യുവതിക്ക് കാല്‍തെറ്റിയത്. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള അപകടകരമായ വിടവിലേക്ക് യുവതി വഴുതി വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ദക്ഷിണറെയില്‍വേ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിളായ ജഗദീശനാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഈറോഡ്-ചെന്നൈ യേര്‍ക്കാട് എക്സ്പ്രസില്‍ കയറാന്‍ശ്രമിക്കുന്നതിനിടെയാണ് യുവതി അപകടത്തില്‍പ്പെട്ടത്. ട്രെയിന്‍ പ്ലാറ്റ്ഫോമില്‍നിന്ന് നീങ്ങിത്തുടങ്ങിയപ്പോളാണ് യുവതി ട്രെയിനില്‍ കയറാന്‍ ശ്രമിച്ചത്. വാതിലിന്റെ സമീപത്തെ കമ്പിയില്‍ പിടിച്ചെങ്കിലും യുവതി കാല്‍ത്തെന്നി വീഴുകയായിരുന്നു. ഇതോടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങി യുവതി അല്പദൂരം മുന്നോട്ടുപോയി.
ഈ സമയം പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ജഗദീശന്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഓടിവരികയും യുവതിയെ പ്ലാറ്റ്ഫോമിലേക്ക് പിടിച്ചിടുകയുമായിരുന്നു. ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ തക്കസമയത്ത് ഇടപെട്ടില്ലായിരുന്നില്ലെങ്കില്‍ യുവതി ട്രെയിനിനടിയിലേക്ക് വീണുപോകുമായിരുന്നു. യാത്രക്കാരിയെ സാഹസികമായി രക്ഷിച്ച ജഗദീശനെ റെയില്‍വേ അഭിനന്ദനം അറിയിക്കുകയുംചെയ്തു.
ആര്‍പിഎഫ് കോണ്‍സ്റ്റബിളിന് അഭിനന്ദനം
'2025 ഒക്ടോബര്‍ 27ന് ഈറോഡ് ജംഗ്ഷനില്‍ വെച്ച് ട്രെയിന്‍ നമ്പര്‍ 22650 ഈറോഡ് - ചെന്നൈ യേര്‍ക്കാട് എക്‌സ്പ്രസ്സില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റിയ യാത്രക്കാരിയെ കരൂര്‍/സതേണ്‍ റെയില്‍വേയിലെ ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രീ ജഗദീശന്‍ ഉടന്‍ തന്നെ രക്ഷപ്പെടുത്തി' - സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് സതേണ്‍ റെയില്‍വേ എക്‌സില്‍ കുറിച്ചു.
'അദ്ദേഹത്തിന്റെ സമയബന്ധിതമായ ഇടപെടല്‍ ഒരു വലിയ ദുരന്തം ഒഴിവാക്കുകയും അമൂല്യമായ ഒരു ജീവന്‍ രക്ഷിക്കുകയും ചെയ്തു. അസാമാന്യമായ മനസ്സാന്നിധ്യത്തിനും സമര്‍പ്പണത്തിനും ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ജഗദീശന് അഭിനന്ദനങ്ങള്‍,' എന്നും റെയില്‍വേ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ആദ്യം തെലങ്കാനയിലെ ചാര്‍ലപ്പള്ളി റെയില്‍വേ സ്റ്റേഷനിലും ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വീണ ഒരു യുവതിയെ വനിതാ കോണ്‍സ്റ്റബിള്‍ രക്ഷപ്പെടുത്തിയിരുന്നു.
