മറ്റൊരാളെ വിവാഹം കഴിച്ചതിന് മുന്‍ കാമുകിയെ അരിവാള്‍ കൊണ്ട് വെട്ടി; കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ 20കാരി മരിച്ചു: യുവാവ് മുന്‍കാമുകിയെ കൊലപ്പെടുത്തിയത് മണിക്കൂറുകളോളം സംസാരിച്ചിരുന്ന ശേഷം
മുൻ കാമുകിയെ അരിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
ഗൊരഖ്പൂര്‍: പ്രണയിച്ച ശേഷം മറ്റൊരാളെ വിവാഹം കഴിച്ചതിന് മുന്‍ കാമുകിയെ യുവാവ് അരിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. കഴുത്തില്‍ മാരകമായി മുറിവേറ്റ 20 വയസ്സുകാരിയായ ശിവാനിയാണ് കൊല്ലപ്പെട്ടത്. ഗൊരഖ്പൂറിലെ റസൂല്‍പൂര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം. സംഭവത്തില്‍ യുവതിയുടെ മുന്‍ കാമുകനായിരുന്ന വിനയ്യെ പൊലീസ് അറസ്റ്റ് ചെയ്തു.
ശിവാനിയും യുവാവും വര്‍ഷങ്ങളായി പ്രണയത്തിലായിരന്നു. എന്നാല്‍ ഈ വര്‍ഷം മേയില്‍ ശിവാനി മറ്റൊരു യുവാവിനെ വിവാഹം ചെയ്തു പോയി. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം ശിവാനി അവളുടെ അമ്മയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയത്താണ് കൊലപാതകം നടന്നത്. വിവാഹ ചടങ്ങിനിടെ കാമുകന്‍ ശിവാനിയേയും കൂട്ടി പുറത്തേക്ക് പോവുകയായിരുന്നു.
വീട്ടിലെ ബാത്ത്‌റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു. അന്വേഷണത്തിനിടെ ബന്ധുവിന്റെ വിവാഹ വിഡിയോയില്‍ വിനയും ശിവാനിയും ഒരുമിച്ച് നില്‍ക്കുന്നതും പെട്ടെന്ന് ഇവരെ കാണാതാകുന്നതും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വിനയ്യെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച അരിവാള്‍ പൊലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
ശിവാനിയുടെ വീട്ടില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയാണ് വിനയ് എന്ന ദീപക്ക് താമസിച്ചിരുന്നത്. വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ 2 മണിയോടെയാണ് ശിവാനിയെ കൊലപ്പെടുത്തിയതെന്നും കൊലപാതകത്തിന് മുന്‍പ് മണിക്കൂറുകളോളം അവളോട് സംസാരിച്ചിരുന്നെന്നും വിനയ് പൊലീസിന് മൊഴി നല്‍കി.