വാഹനാപകടങ്ങളില്‍പെടുന്നവരെ ആശുപത്രിയിലെത്തിച്ചാല്‍ 25,000 രൂപ സമ്മാനം; പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍
വാഹനാപകടങ്ങളില്‍പെടുന്നവരെ ആശുപത്രിയിലെത്തിച്ചാല്‍ 25,000 രൂപ സമ്മാനം
ന്യൂഡല്‍ഹി: വാഹനാപകടങ്ങളില്‍പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് 25,000 രൂപ സമ്മാനം പ്രഖ്യാപിച്ചു ഡല്‍ഹി സര്‍ക്കാര്‍. അപകടത്തില്‍പ്പെടുന്നവര്‍ റോഡരികില്‍ കിടന്ന് മരിക്കുന്ന സംഭവമേറിയതോടെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. തിരക്കേറിയ റോഡുകളില്‍ അപകടമുണ്ടാകുമ്പോള്‍ ധാരാളം പേര്‍ ഓടിക്കൂടുമെങ്കിലും നേരത്തേയുണ്ടായ ദുരനുഭവങ്ങളും നിയമപാലകരില്‍ നിന്നുണ്ടായ ചോദ്യം ചെയ്യലുമൊക്കെയാവാം പിന്നോട്ടു നിര്‍ത്തുന്നത്. ഈ സാഹചര്യം പരമാവധി ഒഴിവാക്കാനാണ് സര്‍ക്കാര്‍ പദ്ധതി.
കേന്ദ്ര സര്‍ക്കാരിന്റെ 'ഗുഡ് സമരിറ്റന്‍' പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ 'രാഹ് വീര്‍ പദ്ധതി' നടപ്പാക്കുന്നത്. റോഡരികില്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു കിടക്കുന്നവരെ എത്രയും വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കായിരിക്കും ഈ സമ്മാനത്തിന് അര്‍ഹത. ഗുണഭോക്താക്കള്‍ക്ക് പണം ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനത്തിലൂടെ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.
പണം സമ്മാനമായി നല്‍കുന്നതുകൊണ്ടുതന്നെ തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ മേല്‍നോട്ടവുമുണ്ടാവും. ഓരോ കേസിലും സുതാര്യത ഉറപ്പാക്കാന്‍ ജില്ലാതല മൂല്യ നിര്‍ണയ സമിതിയെ നിയമിക്കും. ഈ സമിതിയില്‍ ജില്ലാ മജിസ്ട്രേറ്റ്, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍, ചീഫ് മെഡിക്കല്‍ ഓഫിസര്‍, ആര്‍ടിഒ എന്നിവരാണ് അംഗങ്ങളായി ഉണ്ടാകുക.
സമിതിയുടെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പണം കൈമാറുക. രാഹ് വീര്‍ പദ്ധതി പൊതുജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരുത്തുമെന്നും അപകടത്തില്‍ പെടുന്നവര്‍ക്ക് പെട്ടെന്ന് സഹായം ലഭ്യമാക്കാന്‍ ഉപകരിക്കുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.