വ്യാജ ഇഡി റെയ്ഡ്: വയോധികനായ ആര്‍ക്കിടെക്റ്റിന്റെ വീട്ടില്‍ ലക്ഷങ്ങളുടെ കവര്‍ച്ച; വീട്ടുജോലിക്കാരിയും സംഘവും പിടിയില്‍
വ്യാജ ഇഡി റെയ്ഡ്: വയോധികനായ ആര്‍ക്കിടെക്റ്റിന്റെ വീട്ടില്‍ ലക്ഷങ്ങളുടെ കവര്‍ച്ച
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെന്ന വ്യാജേന വിരമിച്ച ആര്‍ക്കിടെക്റ്റിന്റെ വീട്ടില്‍ ലക്ഷങ്ങള്‍ കവര്‍ച്ച നടത്തിയ വീട്ടുജോലിക്കാരിയടക്കം രണ്ട് പേര്‍ പിടിയില്‍. 86 കാരനായ ആര്‍ സി സബര്‍വാളിന്റെ വീട്ടിലാണ് വീട്ടുജോലിക്കാരിയുടെ ഒത്താശയോടെ വന്‍ കൊള്ള നടന്നത്. സംഭവത്തില്‍ രേഖ ദേവി (40), പൂജ രജ്പുത് (45) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് യൂണിഫോം ധരിച്ച മൂന്ന് പേര്‍ ഇഡി ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് സബര്‍വാളിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. റെയ്ഡ് ആണെന്ന് വിശ്വസിപ്പിച്ച് കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയ സംഘം എല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് സബര്‍വാളിന്റെ ചെറുമകന്‍ തടയാന്‍ ശ്രമിച്ചെങ്കിലും 4 ലക്ഷത്തോളം രൂപയും, ഏഴ് ആഡംബര വാച്ചുകളും, വിലപിടിപ്പുള്ള ആഭരണങ്ങളുമായി സംഘം ബലേനോ കാറില്‍ കടന്നുകളഞ്ഞു.
തുടര്‍ന്ന് കേസ് അന്വേഷിച്ച ഡല്‍ഹി പൊലീസ് 350ലധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും ഐഎംഇഐ ട്രാക്കിങും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളെ പിടികൂടുകയായിരുന്നു. പൂജ രജപുതിനെയാണ് പൊലീസ് ആദ്യം കണ്ടെത്തിയത്. ഇവര്‍ വീട്ടുവേലക്കാരിയായ രേഖാ ദേവിയുടെ സഹോദര ഭാര്യയാണെന്ന് കണ്ടെത്തിയതോടെ കവര്‍ച്ചയുടെ ചുരുളഴിഞ്ഞു.
രേഖ ദേവി കൃത്യമായ ഇടവേളകളില്‍ പൂജയുടെ വീട്ടില്‍ എത്തിയിരുന്നതായും ഇതിലൂടെയാണ് കവര്‍ച്ചയ്ക്കുള്ള പദ്ധതി തയ്യാറാക്കിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.ബുധനാഴ്ച പൂജയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ റെയ്ഡിനായി ഉപയോഗിച്ച വ്യാജ യൂണിഫോമുകള്‍, ഉപകരണങ്ങള്‍, മോഷ്ടിച്ച വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.