'സെപ്റ്റോ' വഴി വാങ്ങിയ മുട്ടയിൽ കണ്ടത് പ്ലാസ്റ്റിക്; പുഴുങ്ങിയപ്പോൾ ഉള്ളിലെ മഞ്ഞക്കരുവിൽ മനം മടുത്തുന്ന കാഴ്ച; ഉപഭോക്താവിന്റെ പരാതിയിൽ വിശദീകരണവുമായി എഗ്ഗോസ്

Update: 2026-02-26 12:07 GMT

ഡൽഹി: ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ സെപ്റ്റോ വഴി വാങ്ങിയ മുട്ടയിൽ പ്ലാസ്റ്റിക് നൂലുകൾ കണ്ടെത്തിയെന്ന ആരോപണവുമായി ഒരു ഉപഭോക്താവ് രംഗത്ത്. ശാലിനി എന്ന യുവതിയാണ് എഗ്ഗോസ് എവരിഡേ ബ്രാൻഡിന്റെ മുട്ടകൾക്കെതിരെ ഗുരുതരമായ പരാതി ഉന്നയിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. അതേസമയം, പ്ലാസ്റ്റിക് മുട്ടയെന്നത് വെറുമൊരു മിഥ്യയാണെന്നും ശാസ്ത്രീയമായി നിർമ്മിക്കാൻ കഴിയില്ലെന്നും എഗ്ഗോസ് അധികൃതർ വിശദീകരണം നൽകി.

മുട്ട പുഴുങ്ങിയപ്പോൾ ഉള്ളിലെ മഞ്ഞക്കരുവിന് പകരം പ്ലാസ്റ്റിക് നൂലുകൾ പോലെയുള്ള വസ്തുക്കളാണ് കണ്ടതെന്നാണ് ശാലിനിയുടെ ആരോപണം. "വ്യാജ മുട്ടകളെക്കുറിച്ചും പ്ലാസ്റ്റിക് മുട്ടകളെക്കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്, എന്നാൽ ഇന്നത് എന്റെ വീട്ടിലുണ്ടായിരിക്കുന്നു. മുട്ട പുഴുങ്ങാൻ വെച്ചപ്പോൾ അതിനുള്ളിൽ നിന്ന് നൂഡിൽസ് പോലെ പ്ലാസ്റ്റിക് പുറത്തുവരുന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി," ശാലിനി വീഡിയോയിൽ പറയുന്നു. ഭാഗ്യവശാൽ, ഒരു മുട്ട പൊട്ടിയതുകൊണ്ടാണ് ഉള്ളിലെ പ്ലാസ്റ്റിക് ശ്രദ്ധയിൽപ്പെട്ടതെന്നും അല്ലെങ്കിൽ തങ്ങൾ ഇത് കഴിക്കുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

സംഭവം വിവാദമായതോടെയാണ് എഗ്ഗോസ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. പ്ലാസ്റ്റിക് മുട്ടകൾ എന്നത് വെറുമൊരു മിഥ്യ മാത്രമാണെന്നും ശാസ്ത്രീയമായി അങ്ങനെയൊന്ന് നിർമ്മിക്കാൻ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. സ്റ്റോറേജ് സൗകര്യങ്ങളിലെയോ താപനിലയിലെയോ വ്യത്യാസം കാരണം മുട്ടയുടെ ഘടനയിൽ മാറ്റം വരാമെന്നും ഇത് പ്ലാസ്റ്റിക് ആണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്നും അവർ അറിയിച്ചു.

ഭക്ഷ്യ സുരക്ഷാ അതോറിറ്റിയായ എഫ്.എസ്.എസ്.എ.ഐ (FSSAI) മുൻപ് നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളും കമ്പനി ചൂണ്ടിക്കാട്ടി. സ്വാഭാവികമായ മുട്ടയ്ക്ക് സമാനമായ രീതിയിൽ പ്ലാസ്റ്റിക് മുട്ടകൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ നിലവിലില്ലെന്നാണ് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കുന്നത്. ഉപഭോക്താവിനുണ്ടായ പ്രയാസത്തിൽ ക്ഷമ ചോദിച്ച എഗ്ഗോസ്, പരാതി പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്.

Tags:    

Similar News