കൈക്കൂലി വാങ്ങി രഹസ്യമായി വീട്ടില്‍ സൂക്ഷിച്ചു; വീടും ചുറ്റുപാടും ആരും അറിയാതിരിക്കാന്‍ കിലോമീറ്ററുകള്‍ അകലെ ഔദ്യോഗിക വാഹനം നിര്‍ത്തി നടന്ന് വീട്ടിലെത്തും; മുന്‍കരുതലെടുത്തിട്ടും ഡപ്യൂട്ടി ഡയറക്ടറെ കുടുക്കി വിജിലന്‍സ്: പിടിച്ചെടുത്തത് 4.27 കോടി രൂപ

കൈക്കൂലി വാങ്ങി വീട്ടിൽ സൂക്ഷിച്ചത് 4.27 കോടി

Update: 2026-02-28 01:23 GMT

ഭുവനേശ്വര്‍: ഒഡീഷയില്‍ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി പണമായി സമ്പാദിച്ചത് കോടികള്‍. പിടിക്കപ്പെടാതിരിക്കാന്‍ ബാങ്കില്‍ നിക്ഷേപിക്കാതെ രഹസ്യമായി വീട്ടില്‍ സൂക്ഷിച്ച 4.27 കോടി രൂപയാണ് വിജിലന്‍സ് പരിശോധനയില്‍ കണ്ടെടുത്തത്. ഒഡീഷ ഡപ്യൂട്ടി ഡയറക്ടര്‍ ദേബബ്രത മൊഹന്തിയാണ് അറസ്റ്റിലായത്. താനൊരു കൈക്കൂലിക്കാരനാണെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ അദ്ദേഹം ശക്തമായ മുന്‍കരുതലുകള്‍ എടുത്തിരുന്നു.

4.27 കോടി രൂപ വീട്ടിലെ അലമാരിയിലും ട്രോളി ബാഗുമായി നിറച്ചുവച്ചിരിക്കുകയായിരുന്നു. സര്‍വീസില്‍ ഇരിക്കുമ്പോള്‍ പണം എവിടെയെങ്കിലും നിക്ഷേപിച്ചാല്‍ രേഖകള്‍ കാണിക്കേണ്ട ആവശ്യമുള്ളതിനാലാണ് ഇങ്ങനെ ചെയ്തത്. ജോലിയില്‍ നിന്നും വിരമിച്ച ശേഷം പണം എവിടെയെങ്കിലും നിക്ഷേപിക്കാം എന്നാണ് ഇയാള്‍ കണക്കുകൂട്ടിയത്.

തന്റെ വീടും ചുറ്റുപാടും പദവിയും ഓഫിസിലുള്ളവരും അയല്‍ക്കാരും അറിയാതിരിക്കാന്‍ ഏറെ ശ്രദ്ധിച്ചിരുന്ന ഇദ്ദേഹം സ്വന്തമായി ഔദ്യോഗിക വാഹനം ഉണ്ടായിട്ടും ഇയാള്‍ കിലോമീറ്റര്‍ അകലെ ഇറങ്ങിയ ശേഷം വീട്ടിലേക്ക് നടന്നാണ് എത്തിയിരുന്നത്. ഇത്തരത്തിലുള്ള ഇദ്ദേഹത്തിന്റെ സംശയകരമായ പെരുമാറ്റമാണ് വിജിലന്‍സിനെ ശ്രദ്ധാലുവാക്കിയത്. മൊഹന്തിയുടെ ഫ്‌ലാറ്റില്‍നിന്നും ഒഡീഷ വിജിലന്‍സ് 4.27 കോടിയുടെ കണക്കില്‍പ്പെടാത്ത പണമാണ് കണ്ടെത്തിയത്. വിജിലന്‍സിന്റെ റെക്കോര്‍ഡ് കൈക്കൂലി വേട്ടയാണിത്.

വിവരമറിഞ്ഞു ഇ.ഡിയും സംഭവത്തില്‍ അന്വേഷണത്തിനു ഇറങ്ങിയിട്ടുണ്ട്. സംസ്ഥാന വിജിലന്‍സിന് വിവരങ്ങള്‍ കൈമാറാന്‍ വെള്ളിയാഴ്ച കത്തുനല്‍കി. കല്‍ക്കരി ഡിപ്പോയിലേക്കുള്ള ചരക്കുകടത്തിനാണ് മൊഹന്തി കൈക്കൂലി വാങ്ങിയിരുന്നത്. അനുമതി നല്‍കാന്‍ 30,000 രൂപയാണ് മൊഹന്തി ആവശ്യപ്പെട്ടത്. വിവരം അറിഞ്ഞെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് വീട്ടില്‍ റെയ്ഡ് നടത്തിയത്.

Tags:    

Similar News