വര്‍ഷങ്ങളായുള്ള പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തു; അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് എത്തിയ പാക്ക് കമിതാക്കള്‍ ബിഎസ്എഫ് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് ഒളിച്ചോടിയ പാക്കിസ്ഥാനില്‍ നിന്നുള്ള കമിതാക്കള്‍ ബിഎസ്എഫിന്റെ പിടിയില്‍. വീട്ടുകാരറിയാതെ എത്തിയ പോപത് കുമാര്‍(24) ഗൗരി(20) എന്നിവരെ ബിഎസ്എഫ് പൊലീസിന് കൈമാറി. അതിര്‍ത്തിയില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയുള്ള മിഥി എന്ന ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇരുവരും. രാത്രി മുഴുവന്‍ നടന്നാണ് ഇവര്‍ അതിര്‍ത്തിയിലെത്തിയതെന്ന് ബാലസര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പെണ്‍കുട്ടിയും യുവാവും വര്‍ഷങ്ങളായി പ്രണയത്തിലാണ്, ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ ഇവര്‍ നാടുവിടുകയായിരുന്നു. 1016-ാം നമ്പര്‍ പില്ലറിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ ഭുജിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ മാസവും സമാനമായ സംഭവമുണ്ടായതായി പൊലീസ് അറിയിച്ചു. ഒക്ടോബര്‍ 8ന് സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള താര രണ്‍മാല്‍ ഭില്‍ എന്ന യുവാവിനെയും മീന എന്ന യുവതിയെയും ഇതുപോലെ പൊലീസ് പിടികൂടിയിരുന്നു.