സ്‌കൂളില്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് തര്‍ക്കം; ബിജെപി പ്രാദേശിക നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ചുകൊന്നു

Update: 2025-10-28 17:16 GMT

ഭോപ്പാല്‍: സ്‌കൂളില്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കെ ബിജെപിയുടെ പ്രാദേശികനേതാവിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ കട്നി ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ബിജെപി പിച്ഛ്ഡ മോര്‍ച്ച മണ്ഡല്‍ പ്രസിഡന്റ് നീലു രജക് (38) ആണ് കൊല്ലപ്പെട്ടത്. മാസ്‌ക് ധരിച്ച രണ്ടുപേര്‍ മോട്ടോര്‍സൈക്കിളിലെത്തി രജകിന്റെ തലയ്ക്കും നെഞ്ചിനും വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മോട്ടോര്‍ സൈക്കിളില്‍ മാര്‍ക്കറ്റിലേക്ക് പോകുന്നതിനിടെയാണ് രജകിന് വെടിയേറ്റത്.

പ്രിന്‍സ് ജോസഫ്, അക്രം ഖാന്‍ എന്നിവരാണ് രജകിനു നേര്‍ക്ക് വെടിയുതിര്‍ത്തതെന്നും ഇരുവരും നിലവില്‍ ഒളിവിലാണെന്നും ഡിഐജി അതുല്‍ സിങ് പറഞ്ഞു. അതേസമയം, കൊലപാതകത്തില്‍ മകന്റെ പങ്കിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയതിന് പിന്നാലെ പ്രിന്‍സിന്റെ പിതാവ് നെല്‍സണ്‍ ജീവനൊടുക്കി.

മുന്‍പ്, ഡിഎവി സ്‌കൂളില്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് രജകും അക്രം ഖാനുമായി തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇരുവരും പരസ്പരം പോലീസില്‍ പരാതി നല്‍കിയിരുന്നു. കൊലപാതകത്തിന് പിന്നാലെ രജകിന്റെ കുടുംബാംഗങ്ങളും പ്രദേശവാസികളും ചേര്‍ന്ന് പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം നടത്തി. പ്രതികളെ ഉടന്‍ പിടികൂടണമെന്നായിരുന്നു ഇവരുടെ ആവശ്യം. പ്രതികളെ പിടികൂടാതെ രജകിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തില്ലെന്നും കുടുംബം പറഞ്ഞതായി ഡിഎസ്പി പറഞ്ഞു.

Similar News