'എല്ലാ കശ്മീരി മുസ്ലീങ്ങളും തീവ്രവാദികളല്ല; നിരപരാധികളെ കൊല്ലുന്നതിനെ ഒരു മതത്തിനും ന്യായീകരിക്കാനാവില്ല'; ജനങ്ങളോടുള്ള മനോഭാവത്തില്‍ നിരാശ പങ്കുവെച്ച് ഒമര്‍ അബ്ദുള്ള

Update: 2025-11-13 12:18 GMT

ജമ്മു: ഡല്‍ഹി ഭീകരാക്രമണത്തില്‍ കാശ്മീരി ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ വൈകാരിക പ്രതികരണവുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കാശ്മീരിലെ ജനങ്ങളോടുള്ള പൊതുമനോഭാവത്തില്‍ നിരാശ പങ്കുവച്ചാണ് പ്രതികരണം. എല്ലാ കശ്മീരി മുസ്ലീങ്ങളും തീവ്രവാദികളല്ലെന്നും ഓരോ കാശ്മീരി മുസ്ലീമിനെയും ഒരൊറ്റ കണ്ണിലൂടെ നോക്കുകയും അവരില്‍ ഓരോരുത്തരും തീവ്രവാദിയാണെന്ന് കരുതുകയും ചെയ്താല്‍, ജനങ്ങളെ ശരിയായ പാതയില്‍ കൊണ്ടുപോകുക പ്രയാസമാകുമെന്നും ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. വ്യാഴാഴ്ച ജമ്മുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു ഒമര്‍ അബ്ദുള്ള തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

'എല്ലാ കശ്മീരി മുസ്ലീങ്ങളും തീവ്രവാദികളല്ല. ജമ്മു കശ്മീരിലെ ജനങ്ങള്‍ തീവ്രവാദികളോ തീവ്രവാദികളുമായി ബന്ധപ്പെട്ടവരോ അല്ല. സമാധാനവും സാഹോദര്യവും നശിപ്പിക്കുന്ന ചുരുക്കം ചില ആളുകള്‍ മാത്രമാണുള്ളത്. ജമ്മു കാശ്മീരിലെ ഓരോ നിവാസിയെയും ഓരോ കാശ്മീരി മുസ്ലീമിനെയും ഒരൊറ്റ കണ്ണിലൂടെ നോക്കുകയും അവരില്‍ ഓരോരുത്തരും തീവ്രവാദിയാണെന്ന് കരുതുകയും ചെയ്താല്‍, ജനങ്ങളെ ശരിയായ പാതയില്‍ കൊണ്ടുപോകുക പ്രയാസമാകും,' അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ സ്‌ഫോടനത്തെ അപലപിച്ച അദ്ദേഹം, നിരപരാധികളെ ഇത്രയും ക്രൂരമായി കൊല്ലുന്നതിനെ ഒരു മതത്തിനും ന്യായീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.

ഡല്‍ഹിയില്‍ നടന്ന കാര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ചില കശ്മീരി ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ഒമര്‍ അബ്ദുള്ളയുടെ പരാമര്‍ശം. കാറിന്റെ ഡ്രൈവര്‍ ഡോ. ഉമര്‍ മുഹമ്മദും ഡോ. മുസമ്മിലും കാശ്മീരിലെ പുല്‍വാമ സ്വദേശികളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പാകിസ്താന്‍ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദ് (ജെഎം) ഭീകര സംഘടനയുമായുള്ള ഇവരുടെ ബന്ധവും അന്വേഷണസംഘം പുറത്തുവിട്ടിരുന്നു.

സ്ഫോടനത്തിനിടയാക്കിയ സുരക്ഷാ വീഴ്ചയെയും അദ്ദേഹം ചോദ്യംചെയ്തു. സ്ഫോടനവുമായി ബന്ധമുള്ള ഡോക്ടര്‍ ഡോ. ഉമര്‍ മുഹമ്മദിനെ മുമ്പ് ജോലിയില്‍നിന്ന് പുറത്താക്കിയതിന് ശേഷം എന്ത് അന്വേഷണം നടത്തിയെന്നും അദ്ദേഹം ചോദിച്ചു. സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെ സഹായിക്കാന്‍ മാത്രമേ തങ്ങള്‍ക്ക് കഴിയൂവെന്നും അത് ചെയ്യുമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

Similar News