വിവാഹ വേദിയിലേക്ക് ഓടിക്കയറിയ യുവാവ്; ഒന്നും നോക്കാതെ വരന്റെ കാൽമുട്ടും തുടയും കുത്തികീറി; ആളുകൾ പേടിച്ച് കുതറിയോടി; വധു അടക്കം തലകറങ്ങി വീണു; ഒടുവിൽ പണി കൊടുത്തത് ഡ്രോൺ
അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ വിവാഹച്ചടങ്ങിനിടെ വരനെ പ്രതി വേദിയിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു. ചൊവ്വാഴ്ച രാത്രി ബദ്‌നേരയ്ക്ക് സമീപമുള്ള സാഹിൽ ലോണിൽ വച്ചാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ വരൻ സുജൽ സമുദ്രെ (22) അമരാവതിയിലെ റിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
രാത്രി ഏകദേശം 9.30ന്, വിവാഹ ആഘോഷങ്ങൾ നടക്കുന്നതിനിടെ രാഘവ് എന്ന രാഘോ ജിതേന്ദ്ര ബക്ഷി എന്നയാൾ പെട്ടെന്ന് വേദിയിലേക്ക് ഓടിക്കയറി. വധുവിനൊപ്പം ആശംസകൾ സ്വrecieve ക്കുകയായിരുന്ന വരന്റെ ഇടതു തുടയിലും കാൽമുട്ടിലും മൂർച്ചയേറിയ കത്തി ഉപയോഗിച്ച് മൂന്നുതവണ പ്രതി കുത്തി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ വിവാഹച്ചടങ്ങിന് ഉപയോഗിച്ച ഡ്രോൺ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പ്രതി ആക്രമണശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
സംഭവം നടന്നയുടൻ സുജലിന്റെ അമ്മയും വധുവും ബോധരഹിതരായി വീണു. വരന്റെ മുറിവുകൾ ആഴത്തിലുള്ളതാണെങ്കിലും നിലവിൽ ആശങ്കാജനകമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഡിജെ ഫ്ലോറിന് സമീപമുണ്ടായ തർക്കമോ, ഡിജെ സേവനങ്ങൾക്കുള്ള പണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമോ ആകാം ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പോലീസ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ഡിസിപി ഗണേഷ് ഷിൻഡെ പറഞ്ഞു. പ്രതി ഒളിവിലാണെന്നും ഉടൻ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.