ഫ്രഞ്ച് യുവാവും റഷ്യന്‍ യുവതിയും കൊല്ലൂരില്‍ വിവാഹിതരായി; പരമ്പരാഗത ഹിന്ദു ആചാര പ്രകാരം ചടങ്ങ്
മംഗളൂരു: കൊല്ലൂരിലെ മഠത്തില്‍ ഫ്രഞ്ച് യുവാവും റഷ്യന്‍ യുവതിയും വിവാഹിതരായി. ഫ്രാന്‍സില്‍ നിന്നുള്ള കൃഷ്ണ ഭക്തരായ നരോത്തം ദാസും റഷ്യക്കാരി ജഹ്നവിദേവി ദാസിയുമാണ് വരനും വധുവും. ഇരുവരും വര്‍ഷങ്ങളായി വൃന്ദാവനത്തില്‍ വേദപഠനവും കഥക് നൃത്ത പരിശീലനവുമായി കഴിയുകയായിരുന്നു. പരമ്പരാഗത ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങ്.
നാല് വര്‍ഷമായി പഞ്ചകര്‍മ ചികിത്സക്കായി കൊല്ലൂരിലെ അഭയ ആയുര്‍വേദ കേന്ദ്രവും അവര്‍ സന്ദര്‍ശിക്കുന്നുണ്ടായിരുന്നു. ഇന്ത്യന്‍ സാംസ്‌കാരിക പാരമ്പര്യമനുസരിച്ച് വിവാഹം കഴിക്കാനുള്ള ആഗ്രഹം അവര്‍ കേന്ദ്രത്തിലെ ഡോ. ശ്രീകാന്തിനോട് പ്രകടിപ്പിച്ചു.
പുരോഹിതന്‍ ശ്യാമസുന്ദര്‍ അഡിഗ മറവാന്തെ കാര്‍മികനായി ലളിതവും മനോഹരവുമായ ചടങ്ങില്‍ വിവാഹം നടന്നു. അതിഥികള്‍ക്ക് പരമ്പരാഗത പ്രാദേശിക വിഭവങ്ങള്‍ വിളമ്പി.സുധീര്‍ കൊടവൂരിന്റെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്രീയ സംഗീതം അവതരിപ്പിച്ചു.
'രാഗധന'ത്തിലെ അം ഗങ്ങളായ കെ.ആര്‍. രാഘവേന്ദ്ര ആചാര്യ, ലക്ഷ്മിനാരായണ ഉപാധ്യ, സുധീര്‍ കൊടവൂര്‍, ബാലചന്ദ്ര ഭാഗവത്, ഷര്‍മിള റാവു എന്നിവര്‍ ശ്രുതിമധുരമായ പ്രകടനങ്ങള്‍ അവതരിപ്പിച്ചു. ശുചിത്വത്തിനും പരിസ്ഥിതി ബോധത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വിവാഹം പൂര്‍ണമായി പ്ലാസ്റ്റിക് രഹിതമായിരുന്നു.