ഇത് വോട്ട് വാങ്ങലാണോ അതോ സ്വയം തൊഴില്‍ പരിപാടിയുടെ ഭാഗമാണോ? പണം നല്‍കിയില്ലെങ്കില്‍ ജെ.ഡി.യു 25 സീറ്റില്‍ ഒതുങ്ങുമായിരുന്നുവെന്ന് പ്രശാന്ത് കിഷോര്‍

Update: 2025-11-18 15:08 GMT

പട്‌ന: നിയമസഭ തെരഞ്ഞെടുപിന് തൊട്ടുമുമ്പ് ഓരോ മണ്ഡലത്തിലും 60000ലേറെ ഗുണഭോക്താക്കള്‍ക്ക് 10000 രൂപ വീതം നല്‍കിയില്ലായിരുന്നെങ്കില്‍ ജെ.ഡി.യു 25 സീറ്റില്‍ താഴെ ഒതുങ്ങുമായിരുന്നെന്ന് ജന്‍ സുരാജ് പാര്‍ട്ടി തലവന്‍ പ്രശാന്ത് കിഷോര്‍. ഇത് വോട്ട് വാങ്ങലാണോ അതോ സ്വയം തൊഴില്‍ പരിപാടിയുടെ ഭാഗമാണോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹംആവശ്യപ്പെട്ടു. ജനങ്ങളുടെ പണത്തില്‍ നിന്ന് 40,000 കോടി രൂപ എന്‍.ഡി.എ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വലിയൊരു പങ്ക് തുക വിതരണം ചെയ്തതായും അദ്ദേഹം ആരോപിച്ചു.

ജെ.ഡി (യു) 25 ല്‍ കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് പ്രശാന്ത് കിഷോര്‍ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു.എന്‍ഡിഎ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുകയും സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി 1.5 കോടി സ്ത്രീകള്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുകയും ചെയ്താല്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ജന്‍സുരാജ് നേതാവ് പറഞ്ഞു.

ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ജന്‍ സുരാജ് പാര്‍ട്ടി സത്യസന്ധമായ ശ്രമം നടത്തിയിരുന്നു. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുത്തുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ പോയി പോരാടുക എന്നതാണ് തങ്ങള്‍ക്കുള്ള ജനവിധിയെന്ന് അദ്ദേഹം പറഞ്ഞു.

വോട്ട് മോഷണം രാജ്യം മുഴുവനുള്ള വിഷയമാണെന്നും ദേശീയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപികുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തെറ്റുകള്‍ തിരുത്തി, സ്വയം കെട്ടിപ്പടുത്ത്, കൂടുതല്‍ ശക്തമായി തിരിച്ചുവരുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയുള്ള നവംബര്‍ 20 ന് പശ്ചിമ ചമ്പാരന്‍ ജില്ലയിലെ ഭിതിഹര്‍വയില്‍ ഒരു ദിവസത്തെ ഉപവാസം നടത്തുമെന്ന് അുദ്ദഹം പറഞ്ഞു. ജന്‍ സുരാജ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനായിരുന്നില്ല.

Similar News