ആര്‍ജെഡിയുടെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു; പ്രതിപക്ഷനേതാവാകാനില്ലെന്ന് തേജസ്വി; ലാലു നിര്‍ബന്ധിച്ചതോടെ മനംമാറ്റം

Update: 2025-11-18 15:40 GMT

പട്‌ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ പ്രതിപക്ഷ നേതാവാകാന്‍ വിസമ്മതിച്ച് തേജസ്വി യാദവ്. തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് തേജസ്വി വിസമ്മതം അറിയിച്ചത്. എന്നാല്‍ പിതാവും ആര്‍ജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവ് നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് സ്ഥാനം ഏറ്റെടുക്കാമെന്ന് തേജസ്വി പിന്നീട് അറിയിച്ചു. ചൊവ്വാഴ്ച നടന്ന അവലോകന യോഗത്തില്‍ താന്‍ ഇനി ഒരു എംഎല്‍എയായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് തേജസ്വി പറഞ്ഞത്. ഈ തിരഞ്ഞെടുപ്പിലെ ആര്‍ജെഡിയുടെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും തേജസ്വി പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം ഉപേക്ഷിക്കാനുള്ള തേജസ്വിയുടെ വാഗ്ദാനം തള്ളിക്കളയുകയും, സഭയില്‍ പാര്‍ട്ടിയെ അദ്ദേഹം തന്നെ നയിക്കണമെന്ന് ലാലു യാദവ് നിര്‍ബന്ധിക്കുകയും ചെയ്തതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

മുതിര്‍ന്ന രാഷ്ട്രീയക്കാരനും മുന്‍ മുഖ്യമന്ത്രിയുമായ തന്റെ പിതാവ് ലാലു യാദവാണ് ആര്‍ജെഡി സ്ഥാപിച്ചതെന്ന് തേജസ്വി യോഗത്തില്‍ പറഞ്ഞു. 'അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഞാന്‍ പാര്‍ട്ടി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ കഠിനമായി പരിശ്രമിച്ചു, പക്ഷേ വിജയിക്കാനായില്ല,' അദ്ദേഹം പറഞ്ഞതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ യുവനേതാവിന് പിന്തുണ പ്രഖ്യാപിക്കുകയും തങ്ങള്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നുവെന്ന് പറയുകയും ചെയ്തു.

Similar News