ഭാര്യയ്ക്ക് പരപുരുഷ ബന്ധം; കുഞ്ഞിനെ കാണാന്‍ അനുവദിക്കുന്നില്ല; നിരവധി വ്യാജ പരാതികളും; യുവാവ് ജീവനൊടുക്കി

Update: 2025-12-10 12:29 GMT

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ഭാര്യയുടെ പരപുരുഷ ബന്ധത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ബങ്കാറ്റ് ഗ്രാമവാസിയായ രാഹുല്‍ മിശ്ര(30) ആണ് മരിച്ചത്. വീട്ടിലെ മുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു രാഹുല്‍ മിശ്ര. സംഭവസ്ഥലത്തെത്തിയ പോലീസ്, മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. രാഹുലിന്റെ അമ്മയുടെ പരാതിയില്‍ യുവാവിന്റെ ഭാര്യയ്ക്കും സുഹൃത്ത് ശുഭം സിംഗിനും ഭാര്യാമാതാവിനുമെതിരെ പോലീസ് ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തു.

അന്വേഷണത്തിനിടെ, രാഹുലിന്റെ ഫോണില്‍ നിന്ന് ഏഴ് മിനിറ്റും 29 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോ പോലീസ് കണ്ടെത്തി. ജീവനൊടുക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് രാഹുല്‍ ചിത്രീകരിച്ചതായിരുന്നു ഇത്. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്നും കുട്ടിയെ കാണാന്‍ തന്നെ അനുവദിക്കുന്നില്ലെന്നും രാഹുല്‍ വീഡിയോയില്‍ വിശദീകരിച്ചു. 'എനിക്ക് മരിക്കാന്‍ ആഗ്രഹമില്ല, പക്ഷേ ജീവിക്കാന്‍ ഒരു കാരണവുമില്ല'. രാഹുല്‍ വീഡിയോയില്‍ പറയുന്നു.

'എന്റെ ഭാര്യക്ക് ശുഭം സിംഗ് എന്നയാളുമായി ബന്ധമുണ്ട്. ഞാന്‍ അവളെ പലതവണ വിലക്കിയിരുന്നു, പക്ഷേ അവള്‍ അത് ശ്രദ്ധിച്ചില്ല. എന്റെ കുട്ടിയെ കാണാന്‍ എനിക്ക് അനുവാദമില്ലായിരുന്നു. ഭര്‍തൃമാതാവാണ് അത് വിലക്കിയത്. എന്റെ നമ്പര്‍ പോലും ബ്ലോക്ക് ചെയ്തു. എന്റെ ഭാര്യാ പിതാവിന് മാനസികാസ്വാസ്ഥ്യമുണ്ട്. ഞാന്‍ എന്റെ ഭാര്യയെയും കുട്ടിയെയും വളരെയധികം സ്‌നേഹിക്കുന്നു. പക്ഷേ എനിക്ക് ഇനി ഈ വേര്‍പിരിയല്‍ സഹിക്കാന്‍ കഴിയില്ല'. രാഹുല്‍ വീഡിയോയില്‍ പറഞ്ഞു.

താന്‍ വലിയ കടബാധ്യതയിലാണെന്നും ജോലിസ്ഥലത്ത് സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. ഭാര്യ തനിക്കെതിരെ നിരവധി വ്യാജ പരാതികള്‍ നല്‍കിയിട്ടുണ്ട്. 2014 മുതല്‍ പുരുഷന്മാരുടെ വാദം എവിടെയും കേട്ടിട്ടില്ല. പെണ്‍കുട്ടികള്‍ എപ്പോഴും ശരിയല്ല. ഐപിസിയിലെ സെക്ഷന്‍ 498 എ ഭേദഗതി ചെയ്യണ്ടതിന്റെ ആവശ്യം വളരെ പ്രധാനമാണെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു. അഞ്ച് വര്‍ഷം മുന്‍പായിരുന്നു രാഹുലിന്റെ വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സംഭവത്തില്‍ പ്രതികളെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Similar News