ഉറക്കത്തിനിടെ മാതാപിതാക്കള്‍ക്കിടയില്‍ ഞെരുങ്ങി നവജാത ശിശു മരിച്ചു; ശ്വാസംമുട്ടിയാണ് മരണമെന്ന് ഡോക്ടര്‍മാര്‍; ആശുപത്രിയില്‍ മാതാപിതാക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം

Update: 2025-12-10 12:41 GMT

അംറോഹ: ഉറക്കത്തിനിടെയില്‍ മാതാപിതാക്കള്‍ക്കിടയില്‍ അബദ്ധത്തില്‍ ഞെരുങ്ങി നവജാത ശിശു മരിച്ചു.ഉത്തര്‍പ്രദേശിലെ അംറോഹയിലെ ഗജ്റൗള മേഖലയിലാണ് സംഭവം. നവംബര്‍ 10ന് ജനിച്ച സുഫിയാന്‍ സദ്ദാം അബ്ബാസിയുടെയും (25) ഭാര്യ അസ്മയുടെയും ഏകമകനായിരുന്നു. ശനിയാഴ്ച രാത്രി ദമ്പതികള്‍ കുഞ്ഞിനെ തങ്ങള്‍ക്കിടയില്‍ കിടത്തിയ ശേഷം ഉറങ്ങാന്‍ കിടന്നു. രാത്രിയില്‍ ഉറക്കത്തില്‍ മാതാപിതാക്കള്‍ അറിയാതെ തിരിഞ്ഞു കിടന്നപ്പോള്‍ 26 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് അവര്‍ക്കിടയില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെടുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

ഞായറാഴ്ച രാവിലെ കുഞ്ഞിന് ഭക്ഷണം നല്‍കാനായി അസ്മ ഉണര്‍ന്നപ്പോള്‍ കുഞ്ഞിന് അനക്കമില്ലായിരുന്നു. സദ്ദാം ഉടന്‍ തന്നെ ഗജ്റൗള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ജനിച്ചപ്പോള്‍ മുതല്‍ കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. പിന്നീട് മഞ്ഞപ്പിത്തം ബാധിച്ചതോടെ ആരോഗ്യ നില കൂടുതല്‍ വഷളായിരുന്നു. കുഞ്ഞിന് ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

മുതിര്‍ന്നവര്‍ക്കിടയില്‍ രാത്രി ഉറക്കാന്‍ കിടത്തുന്നത് ശ്വാസം മുട്ടാനുള്ള സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ നവജാത ശിശുക്കളെ വേര്‍തിരിച്ച് കിടത്തണമെന്ന് ശിശുരോഗ വിദഗ്ദ്ധനായ ഡോ. അമിത് വര്‍മ്മ പറഞ്ഞു. സംഭവത്തിന്റെ ആഘാതത്തില്‍ ആശുപത്രിയില്‍ വെച്ച് മാതാപിതാക്കള്‍ തമ്മില്‍ ചെറിയ വാക്കുതര്‍ക്കമുണ്ടായെങ്കിലും പിന്നീട് കുടുംബാംഗങ്ങള്‍ അവരെ ആശ്വസിപ്പിച്ചു. സംഭവത്തില്‍ പൊലീസ് പരാതികളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Similar News