നാഗ്പൂരിലെ ജനവാസ മേഖലയില്‍ പുള്ളിപ്പുലി; 7 പേരെ ആക്രമിച്ചു; ഒടുവില്‍ പിടികൂടി
നാഗ്പൂര്‍: നാഗ്പൂരില്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഏഴ് പേരെ ആക്രമിച്ച പുള്ളിപ്പുലിയെ വനംവകുപ്പ് പിടികൂടി. നാഗ്പൂര്‍ ജില്ലയിലെ പാര്‍ഡിയില്‍ വനത്തോട് ചേര്‍ന്ന് കിടക്കുന്ന ജനസാന്ദ്രതയുള്ള ശിവ നഗര്‍ ഗ്രാമത്തിലാണ് ഇന്ന് രാവിലെ ആറ് മണിയോടെയാണ് പുള്ളിപ്പുലി ആളുകളെ ആക്രമിച്ചത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുള്ളിപ്പുലിയെ 10 മണിക്കൂര്‍ നീണ്ട ശ്രമത്തിനടുവിലാണ് പിടികൂടിയത്. ഇന്ന് രാവിലെയാണ് പുള്ളിപ്പുലി ആളുകളെ ആക്രമിച്ചത്. പരിക്കേറ്റ ഏഴ് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.
പല തവണ മയക്കുവെടി വെച്ച് പുലിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വൈകിട്ട് മൂന്ന് മണിയോടെയാണ് പുലിയെ പിടികൂടാന്‍ കഴിഞ്ഞത്. പിടികൂടിയ പുലിയെ ഉള്‍ക്കാട്ടില്‍ തുറന്ന് വിടാനാണ് വനംവകുപ്പിന്റെ തീരുമാനം. സംസ്ഥാനത്ത് ജനവാസ മേഖലയില്‍ പുലിയിറങ്ങി അക്രമം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗം സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് പുതിയ സംഭവം. ആടുകളെ കാട്ടിനുള്ളില്‍ എത്തിച്ച പുലികള്‍ക്ക് തീറ്റയായി നല്‍കി ജനവാസ മേഖലയില്‍ ഇറങ്ങുന്നത് ഒഴിവാക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഭീമമായ ഫണ്ട് വേണ്ടിവരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ തീരുമാനമെടുക്കും.