അഞ്ചു വയസ്സുകാരി കൂട്ടുകാരോട് പറഞ്ഞത് അപ്പൂപ്പന്‍ ചീത്തയാണെന്ന്; സംഭവം കേട്ട അമ്മൂമ്മ ചോദിച്ചപ്പോള്‍ പുറത്തായത് പീഡന വിവരം: 62കാരന് 102 വര്‍ഷം തടവും 1,05,000 രൂപ പിഴയും
അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച അപ്പൂപ്പന് 102 വര്‍ഷം തടവും 1,05,000 രൂപ പിഴയും
തിരുവനന്തപുരം: അഞ്ചുവയസ്സുകാരിയായ ചെറുമകളെ പീഡിപ്പിച്ച കേസില്‍ 62-കാരന് 102 വര്‍ഷം തടവും 1,05,000 രൂപ പിഴയും. കുട്ടിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ വിവിധ വകുപ്പുകളിലായാണ് ശിക്ഷ. പോക്സോ കോടതി ജഡ്ജി ആര്‍.രേഖയുടേതാണ് വിധി. കുട്ടിയുടെ അമ്മയുടെ പിതാവിന്റെ സഹോദരനാണ് പീഡനം നടത്തിയത്.
പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി രണ്ടുവര്‍ഷം അധിക തടവ് അനുഭവിക്കണം. പ്രതിയുടെ പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവുനല്‍കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി വ്യക്തമാക്കി. കഠിന തടവിന് തന്നെ കോടതി ഇയാളെ ശിക്ഷിക്കുക ആയിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി.
പ്രതിയുടെ വീട്ടില്‍ കളിക്കാനെത്തിയപ്പോഴാണ് ഇയാള്‍ കുട്ടിക്കു നേരെ അതിക്രമം കാട്ടിയത്. കുട്ടിയെ പീഡിപ്പിച്ച ഇയാള്‍ സംഭവം പുറത്ത് പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിയുടെ ഭീഷണി ഭയന്ന് കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. കുട്ടി കൂട്ടുകാരോട് അപ്പൂപ്പന്‍ ചീത്തയാണെന്നു പറയുന്നത് കേട്ട അമ്മൂമ്മ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് കാര്യം അറിഞ്ഞത്. ഇതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുക ആയിരുന്നു.