കുഞ്ഞിനുണ്ടായിരുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഓട്ടിസം ബാധിച്ചിട്ടുണ്ടോ എന്ന സംശയവും അശ്വതിയെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചു; വാമനപുരത്തെ പിഞ്ചുകുഞ്ഞിന്റെ മരണം കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചു; സ്വന്തം ചോരയെ കൊന്ന് ഫാനില്‍ കെട്ടിതൂങ്ങാനും ശ്രമിച്ചു; തെളിവെടുപ്പിനിടെ ആത്മഹത്യാശ്രമം; വാമനപുരം നടുക്കത്തില്‍
വെഞ്ഞാറമൂട്: വാമനപുരം കണിച്ചോട് ഒരു വയസ്സുകാരി പവിത്രയുടെ മരണം ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിനെ താന്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് അമ്മ അശ്വതി (35) വെഞ്ഞാറമൂട് പോലീസിനോട് സമ്മതിച്ചു. തുണി ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയാണ് കൊലപാതകം നടത്തിയത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച തുണി വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. റിമാന്‍ഡ് ചെയ്ത അശ്വതിയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഇവര്‍ ആത്മഹത്യയ്ക്കും ശ്രമിച്ചു.
കുഞ്ഞിനുണ്ടായിരുന്ന ആരോഗ്യപ്രശ്‌നങ്ങളും ഓട്ടിസം ബാധിച്ചിട്ടുണ്ടോ എന്ന സംശയവുമാണ് അശ്വതിയെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ഏറെനാളായി തീവ്രമായ വിഷാദരോഗത്തിന് ഇവര്‍ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഫാനില്‍ തൂങ്ങിമരിക്കാന്‍ അശ്വതി ശ്രമിച്ചെങ്കിലും ഫാന്‍ തകര്‍ന്നു വീണതിനാല്‍ രക്ഷപ്പെടുകയായിരുന്നു. മുന്‍പും ഒന്നിലധികം തവണ ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ഇന്നലെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ മേശയ്ക്കുള്ളില്‍ പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ചിരുന്ന വിഷദ്രാവകം കുടിക്കാന്‍ അശ്വതി ശ്രമിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ പെട്ടെന്ന് ഇടപെട്ട് ഇത് പിടിച്ചുവാങ്ങിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. കഴിഞ്ഞ ദിവസം വൈകിട്ട് അശ്വതിയുടെ അമ്മ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് കുഞ്ഞിനെ കട്ടിലില്‍ ചലനമറ്റ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാമനപുരത്തെ വീട്ടിലെത്തിച്ച കുഞ്ഞ് പവിത്രയുടെ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ഭര്‍ത്താവ് സുഭാഷിന്റെ നാടായ പറണ്ടോട് മീനാങ്കലില്‍ സംസ്‌കരിച്ചു. ഫൊറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും വീട്ടിലെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. ഒരമ്മ തന്റെ കുഞ്ഞിന്റെ ജീവനെടുത്ത വാര്‍ത്തയുടെ ഞെട്ടലിലാണ് ഇപ്പോഴും വാമനപുരം ഗ്രാമം. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. കണിച്ചോട് സ്വദേശികളായ അശ്വതി-സുഭാഷ് ദമ്പതികളുടെ മകള്‍ പവിത്രയാണ് കൊല്ലപ്പെട്ടത്.
വാമനപുരത്ത് ഒരു വയസ്സുകാരി പവിത്രയെ അമ്മ അശ്വതി കൊലപ്പെടുത്തിയത് അങ്ങേയറ്റം ആസൂത്രിതമായെന്ന് പോലീസ് പറയുന്നു. കുഞ്ഞിനെ കഴുത്തുഞെരിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയതാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പറണ്ടോട് മീനാങ്കലിലെ ഭര്‍ത്താവിന്റെ വീട്ടിലായിരുന്ന അശ്വതി മൂന്നു ദിവസം മുന്‍പാണ് കുഞ്ഞുമായി വാമനപുരത്തെ സ്വന്തം വീട്ടിലെത്തിയത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിന് പോയ ഒഴിവിലായിരുന്നു ഈ യാത്ര. സംഭവദിവസം വൈകിട്ട് അശ്വതിയുടെ അമ്മ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ കുഞ്ഞ് കട്ടിലില്‍ കിടക്കുകയായിരുന്നു.
പവിത്ര ഉറങ്ങുകയാണെന്നാണ് അമ്മ ആദ്യം കരുതിയത്. എന്നാല്‍ എത്ര വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ ബന്ധുക്കളെ വിവരമറിയിച്ചു. ഉടന്‍ കാരേറ്റിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മണിക്കൂറുകള്‍ക്ക് മുന്‍പേ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിലും കണ്ട പാടുകളാണ് പോലീസിന് സംശയമുണ്ടാക്കിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തുവന്നത്.
അശ്വതിക്ക് എട്ടു വയസ്സുള്ള മറ്റൊരു കുട്ടി കൂടിയുണ്ട്. രണ്ടാമത്തെ പ്രസവം കഴിഞ്ഞതു മുതല്‍ അശ്വതി ആരോടും സംസാരിക്കാറില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കടുത്ത മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇവര്‍ക്ക് കുഞ്ഞിനോട് താല്പര്യമില്ലാത്ത രീതിയിലുള്ള പെരുമാറ്റമായിരുന്നു. കഴിഞ്ഞ ദിവസം തിരികെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനിരിക്കെയാണ് ഈ ക്രൂരത നടന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.
തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ജി.പി. മഹേഷ് ഐ.പി.എസിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. സന്തോഷ് കുമാര്‍, പാങ്ങോട് എസ്.എച്ച്.ഒ. ജിനേഷ്, വെഞ്ഞാറമൂട് എസ്.ഐ. സജിത്ത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വിരലടയാള വിദഗ്ധരും ഫൊറന്‍സിക് സംഘവും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
