ചെറായിയില്‍ എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍

Update: 2026-03-12 17:10 GMT

കൊച്ചി: ചെറായിയില്‍ വന്‍ രാസ ലഹരി വേട്ട. 42 ഗ്രാം എംഡിഎംഎയുമായി 4 യുവാക്കള്‍ പൊലീസ് പിടിയില്‍. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മട്ടാഞ്ചേരി സ്വദേശികളായ ലോബോ ജംങ്ഷനില്‍ ഷിനാസ് (28) പുതിയ റോഡില്‍ പനച്ചിക്കാപ്പറമ്പ് ഷാജഹാന്‍ (31), പുതിയറോഡില്‍ മഹാജനവാടി സഫീര്‍ (ഷിലാസ് 28), ബസാര്‍ റോഡില്‍ പുതുക്കാട്ട് പറമ്പ് സഫീര്‍ (എപ്പീര്‍ 32 ) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫും, മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്ന് പിടികൂടിയത്.

ചെറായിയിലെ ഒരു റിസോര്‍ട്ടില്‍ മുറിയെടുത്തിരിക്കുകയായിരുന്നു സംഘം. സഫീര്‍ (ഷിലാസ്) ബംഗലൂരുവില്‍ നിന്ന് കൊണ്ടുവന്നതാണ് രാസലഹരി. ചെറായി, പുതുവൈപ്പ് ബീച്ച്, കൊച്ചി ഭാഗങ്ങളിലേക്ക് വില്‍പ്പനക്കായി തയ്യാറാക്കുമ്പോഴാണ് സംഘം പിടിയിലാകുന്നത്. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ജെ.ഉമേഷ് കുമാര്‍, മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണന്‍, ഇന്‍സ്‌പെക്ടര്‍ കെ.എസ് സന്ദീപ്, എസ്.ഐ വന്ദന കൃഷ്ണ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Similar News