പത്തായക്കുന്നില്‍ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്; കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം

Update: 2026-04-06 04:24 GMT

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കണ്ണൂരില്‍ വീണ്ടും ബോംബേറ്. പാട്യം പഞ്ചായത്തിലെ പത്തായക്കുന്നില്‍ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെയാണ് ഞായറാഴ്ച രാത്രി പത്തുമണിയോടെ ബോംബാക്രമണം ഉണ്ടായത്. പാട്യം പതിനാറാം വാര്‍ഡ് പഞ്ചായത്ത് അംഗവും ബിജെപി കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി. മജിഷയുടെ വീടിന് നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും പ്രദേശത്ത് കനത്ത ജാഗ്രത തുടരുകയാണ്.

ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. രണ്ട് തവണയാണ് സംഘം ബോംബെറിഞ്ഞത്. ഒരു ബോംബ് വീടിന് മുന്നിലെ മുറ്റത്തും രണ്ടാമത്തേത് റോഡില്‍ വീണുമാണ് പൊട്ടിയത്. ആക്രമണത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. രാഷ്ട്രീയമായ സ്വാധീനമുറപ്പിക്കാന്‍ ബോധപൂര്‍വ്വം നടത്തുന്ന പ്രകോപനമാണിതെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്.

നേരത്തെയും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള പ്രദേശമാണ് പത്തായക്കുന്ന്. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള ഈ മേഖലയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന ആക്രമണം ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കതിരൂര്‍ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. നിലവില്‍ വന്‍ പോലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വോട്ടെടുപ്പിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ഇത്തരം അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിരീക്ഷണമാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Similar News