അഞ്ച് പേരെ വെട്ടിക്കൊന്ന അഫാന്റെ മാനസിക നിലയില്‍ പ്രശ്‌നമില്ല; മദ്യം അല്ലാതെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; ഇന്ന് അറസ്റ്റു രേഖപ്പെടുത്തും; ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കാന്‍ പോലീസ്; മാതാവ് ഷെമിയുടെ മൊഴിയും രേഖപ്പെടുത്തിയേക്കും

അഞ്ച് പേരെ വെട്ടിക്കൊന്ന അഫാന്റെ മാനസിക നിലയില്‍ പ്രശ്‌നമില്ല

Update: 2025-03-03 03:24 GMT

തിരുവനന്തപുരം: വെഞ്ഞാറമൂട് അഞ്ചുപേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി അഫാന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. മാനസികനിലയില്‍ പ്രശ്‌നമില്ലെന്ന് മെഡിക്കല്‍ കോളേജിലെ മനോരോഗ വിദഗ്ധന്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകവും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും അഫാന്റെ മാനസിക നിലയെ ബാധിച്ചിട്ടില്ലെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ കണ്ടെത്തല്‍.

രക്തസാംപിളുകളുടെ പരിശോധനാഫലം പുറത്തുവന്നിട്ടില്ലെങ്കിലും മദ്യം അല്ലാതെ, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്തിയിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ അന്വേഷണസംഘത്തെ അറിയിച്ചത്. സാമ്പത്തികമായി സഹായിക്കാത്ത ഒരു അമ്മാവനോടും പകതോന്നി കൊലപ്പെടുത്താന്‍ അഫാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കി.

മുത്തശ്ശി സല്‍മാബീവി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷഹീദ, പെണ്‍സുഹൃത്ത് ഫര്‍സാന, ഇളയസഹോദരന്‍ അഫ്സാന്‍, മാതാവ് ഷെമി എന്നിവരെ കൊലപ്പെടുത്തിയതിനു ശേഷം തട്ടത്തുമലയിലെത്തി രണ്ടുപേരെക്കൂടി കൊല്ലാനായിരുന്നു പദ്ധതി. എന്നാല്‍, അനുജന്‍ അഫ്സാന്‍ കണ്‍മുന്നില്‍ മരിച്ചതോടെ എല്ലാ ധൈര്യവും ചോര്‍ന്നു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

മെഡിക്കല്‍ കോളജ് ആശുപത്രി മെഡിക്കല്‍ സെല്ലില്‍ കഴിയുന്ന അഫാനെ തിങ്കളാഴ്ച ജയിലിലേക്കു മാറ്റിയേക്കും. പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണിത്. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി അഫാനെ റിമാന്‍ഡ് ചെയ്തിരുന്നു. മുത്തശ്ശി സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍ പാങ്ങോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാത്രമാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റു നാല് കേസുകളില്‍ തിങ്കളാഴ്ച വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തും.

അതേമയം പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ പാങ്ങോട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അതേസമയം, ഇന്ന് ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം അഫാന്റെ ഡിസ്ചാര്‍ജ് തീരുമാനിക്കും. ഡിസ്ചാര്‍ജ് ചെയ്താല്‍ തൊട്ടടുത്ത ദിവസം കസ്റ്റഡി അപേക്ഷ നല്‍കാനാണ് പാങ്ങോട് പൊലീസിന്റെ തീരുമാനം.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഫാന്റെ മാതാവ് ഷെമിയുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. നേരത്തെ മജിസ്‌ട്രേറ്റ് ഷെമിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ പിതാവായ അബ്ദുല്‍ റഹീമിന്റെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും.

സഹോദരന്‍ അഫ്‌സാനെ കൊലപ്പെടുത്തുന്നതിന് മുമ്പ് കൂട്ടക്കൊലയെ കുറിച്ച് അവനോട് തുറന്ന് പറഞ്ഞിരുന്നുവെന്നാണ് പ്രതി അഫാന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അഫ്‌സാനെ കൊന്നതോടെയാണ് താന്‍ പതറിയതെന്നും പ്രതി മൊഴി നല്‍കി. പേടിച്ച് വീടിന് പുറത്തേക്ക് ഓടിയ അഫ്‌സാനെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. അതിന് മുന്‍പ് ധൈര്യത്തിന് വേണ്ടിയാണ് മദ്യം കഴിച്ചതെന്നും അഫാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. നിലവില്‍ മെഡിക്കല്‍ കോളേജ് സെല്ലില്‍ കഴിയുന്ന അഫാന്‍ പലപ്പോഴായി പൊലീസിനോട് സംസാരിക്കുന്നുണ്ടെങ്കിലും ഇയാളുടെ മൊഴി പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല.

ഷെമിയുടെ ചിട്ടി ഇടപാടും അഫാന്റെ ആഡംബര ജീവിതവും സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 14 പേരില്‍ നിന്ന് 65 ലക്ഷം രൂപയാണ് അഫാനും മാതാവ് ഷെമിയും കടം വാങ്ങിയത്. ഇതില്‍ ചില ബന്ധുക്കള്‍ പണം വാങ്ങിയിട്ട് ഷെമിക്ക് തിരിച്ചു കൊടുത്തില്ലെന്നും, ഇതിന്റെ പേരില്‍ കുടുംബങ്ങള്‍ തമ്മിലും തര്‍ക്കമുണ്ടായിട്ടുണ്ട് എന്നും പ്രതി മൊഴി നല്‍കി.

Tags:    

Similar News