അലുവ അതുല്‍ കൊലപാതകത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രകോപനങ്ങള്‍; ഗുണ്ടാക്കുടിപ്പക വളര്‍ത്തുന്ന തീവ്രപ്രചരണങ്ങളില്‍ ജാഗ്രതയോടെ പോലീസ്; വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു സൈബര്‍ ക്രൈം പോലീസ്

അലുവ അതുല്‍ കൊലപാതകത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രകോപനങ്ങള്‍

Update: 2026-03-19 12:17 GMT

കൊല്ലം: കേരളത്തെ ഞെട്ടിച്ച അലുവ അതുല്‍ കൊലപാതകത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രകോപനങ്ങള്‍ തുടരുന്നു. കരുനാഗപ്പള്ളിയിലെ കൊലപാതകങ്ങള്‍ക്കു ശേഷം സാമൂഹികാന്തരീക്ഷം കലുഷിതമാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രചാരണങ്ങള്‍ നടത്തിയ സംഭവത്തില്‍ കൊല്ലം സിറ്റി പോലീസ് 2 കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തു.

കരുനാഗപ്പള്ളിയില്‍ മുന്‍ വിരോധത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നു പ്രദേശത്തു ശക്തമായ പൊലീസ് നിരീക്ഷണം തുടരുന്നതിനിടെ ആണ് 2 സംഘങ്ങള്‍ക്കുമിടയില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രചാരണങ്ങള്‍ നടന്നത്. ഇത്തരം പ്രചരണങ്ങള്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഉരസലിന് ഇടയാക്കുമോ എന്നതാണ് അറിയേണ്ടത്.

കൊല്ലം സിറ്റി സോഷ്യല്‍ മീഡിയ സെല്ലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലാണു 2 കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിലും സൈബര്‍ പൊലീസ് സ്റ്റേഷനിലുമായി ഇത്തരം പ്രചാരണം നടത്തിയതിന് ഓരോ കേസുകള്‍ വീതം റജിസ്റ്റര്‍ ചെയ്തിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്നു ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

മാര്‍ച്ച് 14 ന് പകല്‍ 11.15 ന് ദേശീയപാതയുടെ നിര്‍മാണം നടക്കുന്ന കൊല്ലം പുതിയകാവ് ഭാഗത്തു വച്ചാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. അതുല്‍ സഞ്ചരിച്ച വാഹനം കുഴിയിലേക്കു വീഴ്ത്തി, പിന്തുടര്‍ന്നെത്തിയെ കാറിലുണ്ടായിരുന്ന സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജിം സന്തോഷിനെ കൊലപ്പെടുത്തിയതിനു പകരം വീട്ടിയതാണെന്നാണു നിഗമനം. ജിം സന്തോഷ് വധക്കേസിലെ മറ്റൊരു പ്രതിയായ മനുവിനും പരുക്കേറ്റിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ അതുല്‍ സ്റ്റേഷനില്‍ ഒപ്പിട്ടു മടങ്ങുന്നതിനിടെയാണ് ആക്രമണം.

'പകരം വീട്ടാന്‍ നടക്കുന്നവരോട് പറയാനുള്ളത്' എന്ന ക്യാപ്ഷനോട് അതുല്‍ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം. ഇന്‍സ്റ്റഗ്രാം റീലിന്റെ സ്‌കീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതുല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഈ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ലഭ്യമല്ല. പക്ഷേ, ഈ റീലിന് താഴെ വന്ന കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടും പ്രചരിക്കുന്നുണ്ട്. അതുലിന്റെ കൊലപാതകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും പ്രചരിക്കുകയാണ്.

Tags:    

Similar News