മംഗലാപുരം കാര്‍ഷിക സഹകരണ ബാങ്കിലെ മോഷണം; മൂന്ന് പ്രതികള്‍ പിടിയില്‍; പിടിയിലായത് മുംബൈ, തമിഴ്‌നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍; മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്
ബെംഗളൂരു: മംഗലാപുരം കാര്‍ഷിക സഹകരണ ബാങ്കില്‍ നടന്ന മോഷണത്തില്‍ പ്രതികള്‍ പിടിയില്‍. സംഘത്തിലെ മൂന്ന് പ്രതികളെയാണ് പോലീസ് പിടികൂടിയത്. തിരുനെല്‍വേലിയില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്. മുംബൈ, തമിഴ്‌നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന മോഷ്ടാക്കളുടെ സംഘമാണ് മോഷണത്തിന് പിന്നില്‍. സംഘത്തിലെ ബാക്കിയുള്ള രണ്ട് പേര്‍ക്കായി തിരിച്ചില്‍ തുടരുകയാണ്.
തിരുനെല്‍വേലി സ്വദേശി മുരുഗാണ്ടി തേവര്‍, പ്രകാശ് എന്ന ജോഷ്വാ രാജേന്ദ്രന്‍, കണ്ണന്‍ മണി എന്നീ പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷണത്തിന് ഉപയോഗിച്ച ഫിയറ്റ് കാര്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി മംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. പ്രതികളുടെ കൈയ്യില്‍ നിന്ന് ഒരു വാളും രണ്ട് തോക്കുകളും മോഷ്ടിച്ച സ്വര്‍ണത്തിന്റെയും പണത്തിന്റെയും ഒരു പങ്കും കണ്ടെടുത്തിട്ടുണ്ട്.
കേസിലെ മറ്റ് രണ്ട് പ്രതികളും പ്രദേശവാസികളാകാന്‍ സാധ്യതയെന്നാണ് പൊലീസ് നിഗമനം. ഇവരുടെ വിവരങ്ങള്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് കണ്ടെത്താമെന്നാണ് പൊലീസ് കരുതുന്നത്. ജനുവരി 17-ന് മംഗളുരുവിലെ ഉള്ളാളിലെ സഹകരണ ബാങ്കില്‍ പട്ടാപ്പകല്‍ 12 കോടിയോളം മതിപ്പ് വില വരുന്ന സ്വര്‍ണവും 5 ലക്ഷം രൂപയുമാണ് ഇവര്‍ കൊള്ളയടിച്ചത്.