ഞാന്‍ ഓയോ റൂം എടുത്തു, റൂമിലേയ്ക്ക് വേഗം വാ..'; 25-കാരനായ കാമുകന്റെ ഫോണ്‍വിളി; പിന്നാലെ 33കാരി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; വിവാഹേതര ബന്ധം തുടരാന്‍ വിസമ്മതിച്ചതിന് ഹരിണിക്ക് കുത്തേറ്റത് പതിനേഴ് തവണ

ഹോട്ടലിലെത്തിയ ഹരിണിയെ കാത്തിരുന്നത് മരണം

Update: 2025-06-10 12:25 GMT

ബംഗളൂരു: വിവാഹേതര ബന്ധം തുടരുന്നത് വിസമ്മതിച്ചതിന് യുവതിയെ കൊലപ്പെടുത്തി കാമുകന്‍. സൗത്ത് ബംഗളൂരുവില്‍ ഹോട്ടല്‍ മുറിയിലാണ് 33കാരിയായ ഹരിണി.ആര്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് 25 വയസ്സുകാരനായ ഐ.ടി ജീവനക്കാരന്‍ യഷസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

ഏറെ നാളായി പ്രതിയും ഹരിണിയും തമ്മില്‍ പ്രണയ ബന്ധത്തിലായിരുന്നുവെന്നും എന്നാല്‍ ഹരിണിയുടെ ഭര്‍ത്താവും കുടുംബവും ബന്ധം അറിഞ്ഞതോടെ പിന്മാറാന്‍ ആവശ്യപെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് യഷസുമായുള്ള കൂടിക്കാഴ്ച്ചയും ഫോണ്‍ വഴിയുള്ള ആശയവിനിമയവും താത്കാലികമായി ഹരിണി അവസാനിപ്പിച്ചു. എന്നാല്‍ അടുത്തിടെ ഇരുവരും ബന്ധം പുനരാരംഭിക്കുകയും ഹോട്ടല്‍ മുറിയില്‍ വെച്ച് കാണാനും തീരുമാനിച്ചതായും പ്രതി പൊലീസിനോട് പറഞ്ഞു.

ഞാന്‍ റൂം എടുത്തു, വേഗം വാ.. കാമുകന്റെ ആ വിളി മരണത്തിലേയ്ക്കായിരുന്നുവെന്ന് ഹരിണി അറിഞ്ഞിരുന്നില്ല. ബന്ധം അവസാനിപ്പിക്കാന്‍ ഹരിണി ശ്രമിച്ചതിലുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കെങ്കേരി നിവാസികളായ ഇരുവരും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടുമാസമായി ഈ ബന്ധം അവസാനിപ്പിക്കാന്‍ ഹരിണി ശ്രമിച്ചുവരികയായിരുന്നു.

തന്നെ അകറ്റിനിര്‍ത്താനുള്ള ഹരിണിയുടെ ശ്രമത്തില്‍ പ്രകോപിതനായാണ് യഷസ് ക്രൂരകൃത്യം നടത്തിയതെന്ന് സൗത്ത് ഡിസിപി ലോകേഷ് ബി. ജഗലസര്‍ പറഞ്ഞു. 17 തവണയാണ് ഹരിണിക്ക് കുത്തേറ്റത്. ജൂണ്‍ ആറാം തിയതി വൈകീട്ടോടെയാണ് ബെംഗളൂരുവിലെ പൂര്‍ണപ്രജ്ഞ ലേഔട്ടിലെ ഓയോ ഹോട്ടലില്‍വെച്ച് ഹരിണി കൊല്ലപ്പെട്ടത്.

ബന്ധം അവസാനിപ്പിച്ചേ മതിയാകൂവെന്ന് ഹരിണി നിര്‍ബന്ധിച്ചതോടെ യഷസ് കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ക്രൂരമായി കുത്തികൊലപ്പെടുത്തുകയായിരുന്നു. താന്‍ സ്വയം കുത്തി പരിക്കേല്‍പ്പിച്ചുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഹരിണിയെ കൊലപ്പെടുത്തിയ ശേഷം പൊലീസിനെ വിവരമറിയിച്ചതും യഷസ് ആണ്.

പരിക്കേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ശനിയാഴ്ച്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബി.സി.എ ബിരുദധാരിയും കെങ്കേരി സ്വദേശിയുമായ യഷസ് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ഹരിണി 2012ല്‍ 41 വയസ്സുള്ള ദാസെഗൗഡ എന്ന കര്‍ഷകനെ വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക് 13 ഉം 10 ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ഒരു ഗ്രാമമേളയില്‍ വെച്ചാണ് ഹരിണി യഷസിനെ കണ്ടുമുട്ടിയതെന്നും ഇരുവരും തമ്മിലുള്ള ബന്ധം പിന്നീട് വളരുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Similar News