മുടി വെട്ടാന്‍ വന്ന് പരിചയം, മുടിയാനാകുമെന്ന് കരുതിയില്ല..! 'പേര് ബിജു ജോര്‍ജ്ജ്, സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകനാണ്; വന്‍കിട സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ട് തരപ്പെടുത്തി നല്‍കും; 1500 കോടിയുടെ ഫണ്ട് തരപ്പെടുത്തി നല്‍കാം'; വാഗ്ദാനത്തില്‍ വീണ റിന്‍ഷാദിന് നഷ്ടം 29 ലക്ഷം! സോളാര്‍ നായകന്‍ വീണ്ടും തട്ടിപ്പുമായി കളംനിറഞ്ഞു; ഇരകള്‍ കൂടുതല്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും
മുടി വെട്ടാന്‍ വന്ന് പരിചയം, മുടിയാനാകുമെന്ന് കരുതിയില്ല..! 'പേര് ബിജു ജോര്‍ജ്ജ്, സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകനാണ്
കൊച്ചി: മുടി വെട്ടാന്‍ വന്ന് പരിചയത്തില്‍ പെട്ടയാള്‍ കാരണം ഇങ്ങനെ മുടിയേണ്ടി വരുമെന്ന് കരുതിയില്ല റിന്‍ഷാദ്. 29 ലക്ഷം രൂപയാണ് ബിജു രാധാകൃഷ്ണന്‍ എന്ന സോളാര്‍ തട്ടിപ്പു വീരന്‍ ഈ യുവാവില്‍ നിന്നും അടിച്ചുമാറ്റിയത്. സിഎസ്ആര്‍ ഫണ്ട് തരപ്പെടുത്തി നല്‍കാമെന്ന വാഗ്ദാനം വിശ്വസിച്ചവാണ് ശരിക്കും പെട്ടത്. ബിജു ജോര്‍ജ് എന്ന വ്യാജപേര് സ്വീകരിച്ചാണ് ഇക്കുറി ഇയാള്‍ തട്ടിപ്പിന് ഇറങ്ങിയത്. മലയാളികള്‍ക്ക് പുറമേ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പെട്ടവര്‍ തട്ടിപ്പില്‍ കബളിപ്പിക്കപ്പെട്ടു എന്നാണ് പുറത്തുവരുന്ന വിവരം.
ബിജു രാധാകൃഷ്ണന്റെയും സംഘത്തിന്റെയും പേരില്‍ കടവന്ത്ര പോലീസ് കേസെടുത്തി്ട്ടുണ്ട്. എന്‍ജിഒ ഹെല്‍പ്പ് ഫൗണ്ടേഷന്‍ എംഡിയാണ് ബിജു. ഫൗണ്ടേഷന്റെ മറ്റ് ഭാരവാഹികളായ നിഷാപീറ്റര്‍, ബെര്‍ലിന്‍, വേണുഗോപാല്‍ എന്നിവര്‍ രണ്ടു മുതല്‍ നാലുവരെ പ്രതികളാണ്. അനിമല്‍ ക്ലിനിക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന നിലമ്പൂര്‍ ഇരഞ്ഞിമാനങ്ങാട് സ്വദേശി കെ. റിന്‍ഷാദ് മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്.
ബിജു ജോര്‍ജ് എന്ന പേരിലാണ് ബിജു രാധാകൃഷ്ണന്‍ റിന്‍ഷാദിനെ പരിചയപ്പെടുന്നത്. സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനാണെന്നും ഭാര്യ നിഷ ഹൈക്കോടതി അഭിഭാഷകയാണെന്നും പറഞ്ഞിരുന്നു. വലിയ കേസുകള്‍ വാദിക്കുന്നവരായതിനാല്‍ വന്‍കിട സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ട് തരപ്പെടുത്തി നല്‍കാമെന്നും അതിനായി ട്രസ്റ്റ് രൂപവത്കരിക്കാനും ആവശ്യപ്പെട്ടു. ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തതോടെ ഫണ്ടിനായി പ്രോജക്ട് റിപ്പോര്‍ട്ട് വേണമെന്നും അതിനായി ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനും ആംബുലന്‍സ് വാങ്ങാനുമായി പലതവണയായി മൊത്തം 29 ലക്ഷം രൂപ റിന്‍ഷാദിന്റെ പക്കല്‍നിന്ന് വാങ്ങിയെടുത്തു.
ഫണ്ട് ലഭിക്കാതാകുകയും നല്‍കിയ പണം തിരികെ കിട്ടാതാകുകയും ചെയ്തതോടെ പ്രതികളുമായി ബന്ധപ്പെട്ടപ്പോള്‍ നിഷ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ടായിരുന്നു. സുഹൃത്തുമായി വിവരം പങ്കുവെച്ചപ്പോഴാണ് ഇയാള്‍ ബിജു രാധാകൃഷ്ണനാണെന്ന് അറിഞ്ഞതെന്നും റിന്‍ഷാദ് പറയുന്നു.
തന്നെ സമര്‍ഥമായി കബളിപ്പിച്ചു എന്നാണ് റിന്‍ഷാദ് വെളിപ്പെടുത്തുന്നത്. മുടിവെട്ടാന്‍ സലൂണില്‍ എത്തിയ പരിചയത്തിലാണ് ഇയാളുമായി അടുക്കുന്നത്. ബിസിനസില്‍ വളരണമെന്ന് ആഗ്രഹമുള്ള യുവാവിനെ സമര്‍ഥമായാണ് ഇയാള്‍ വലയിലാക്കിയത്. 500 ബെഡ്ഡുള്ള ഒരു സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി എംഡിയുടെ കസേരയില്‍ ഇരുത്താമെന്ന വാഗ്ദാനത്തിലാണ് റിന്‍ഷാദ് വീണത്. 1500 കോടി രൂപയുടെ സിഎസ്ആര്‍ ഫണ്ട് തരപ്പെടുത്തി നല്‍കാമെന്നായിരുന്നു റിന്‍ഷാദിനുള്ള ബിജു രാധാകൃഷ്ണന്റെ വാഗ്ദാനം. ഈ വാഗ്ദാനം വിശ്വസിച്ചാണ് പലപ്പോഴായി ബിജുവിനെ റിന്‍ഷാദ പണം നല്‍കിയത്.
ആഡംബര കാറില്‍ വിലകൂടിയ വസ്ത്രങ്ങളൊക്കെ ധരിച്ചാണ് ബിജു സലൂണില്‍ മുടിവെട്ടാന്‍ എത്തിയത്. സുപ്രീം കോടതിയിലെ അഭിഭാഷകനാണെന്നും ഭാര്യ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നുവെന്നും പറഞ്ഞു. 2021ലാണ് ഇത് നടക്കുന്നത്. അങ്ങനെ കുറച്ചുകാലം കൊണ്ട് സൗഹൃദത്തിലായി. ഇതിനിടെയാണ്, ആ ഡയലോഗ് ബിജു പറയുന്നത്. വലിയ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് താന്‍ ശരിപ്പെടുത്തി െകാടുക്കാറുണ്ടെന്നും അത്തരത്തില്‍ ഒരു ആശുപത്രി നിര്‍മിക്കാന്‍ ഫണ്ട് എത്തിക്കാമെന്നുമായിരുന്നു വാഗ്ദാനം.
ആദ്യം 300 കോടി, ആശുപത്രി നിര്‍മാണം കഴിയുമ്പോള്‍ 300 കോടി, അങ്ങനെ പല ഘട്ടങ്ങളിലായി ആകെ 1500 കോടി രൂപ എന്നായിരുന്നു കണക്ക്. ഇതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കാന്‍ നിര്‍േദശിച്ചു. തുടര്‍ന്ന് മറ്റു രണ്ടു പേര്‍ക്കൊപ്പം ട്രസ്റ്റ് രൂപീകരിച്ചു. ഇതിന്റെ കാര്യങ്ങളൊക്കെ സഹായിച്ചത് ബിജുവാണ്,'' റിന്‍ഷാദ് പറഞ്ഞു.
''സിഎസ്ആര്‍ ഫണ്ട് കിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി പലപ്പോഴായി 20 ലക്ഷം രൂപയും ആംബുലന്‍സ് വാങ്ങുന്നതിന് ഏഴു ലക്ഷവും ഡോക്യുമെന്റേഷനായി രണ്ടു ലക്ഷം രൂപയും ഉള്‍പ്പെടെ 29 ലക്ഷം രൂപ വാങ്ങിയെടുത്തു. ഇതു തിരികെ കിട്ടാന്‍ പൊലീസില്‍ പരാതി നല്‍കിയതറിഞ്ഞ് കേസിലെ രണ്ടാം പ്രതി, പരാതിക്കാരനായ റിന്‍ഷാദിനെ ബന്ധപ്പെട്ട് ബലാല്‍സംഗ കേസില്‍ പെടുത്തി നശിപ്പിക്കുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി.'' ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയാണ്.
അഭിഭാഷകയായ നിഷ പീറ്റര്‍ രണ്ടാം പ്രതി, ബിജുവിന്റെ സഹായി എന്നു കരുതുന്ന ബെര്‍ലിന്‍ മൂന്നാം പ്രതി, ഇവരുടെ എന്‍ജിഒ ഹെല്‍പ്പ് ഫൗണ്ടേഷന്‍ എന്ന സ്ഥാപത്തിലെ ജീവനക്കാരന്‍ എന്നു കരുതുന്ന വേണുഗോപാല്‍ നാലാം പ്രതിയുമാണ്. ബിഎന്‍എസ്എസിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് വിശ്വാസവഞ്ചന, കബളിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ രേഖ അസല്‍ രേഖയായി ഉപയോഗിക്കല്‍, ക്രിമിനല്‍ ഭീഷണി, കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുക, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
''അന്ന് സിഎസ്ആര്‍ ഫണ്ട് എന്താണെന്നുപോലും എനിക്കറിയില്ലായിരുന്നു. പക്ഷേ, അത് യാഥാര്‍ഥ്യമാണെന്ന് ബിജു വിശ്വസിപ്പിച്ചു. ബിജു ജോര്‍ജ് കല്ലോലിത്തടത്തില്‍ എന്നാണു പേരു പറഞ്ഞിരുന്നതും വിസിറ്റിങ് കാര്‍ഡില്‍ അച്ചടിച്ചിരുന്നതും. കാക്കനാട്ടെയും പനമ്പിള്ളി നഗറിലെയും ഓഫിസുകളില്‍ ഒട്ടേറെ പേരാണ് കാണാന്‍ എത്തിയിരുന്നത്. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമാണ് കൂടുതല്‍ പേര്‍ പറ്റിക്കപ്പെട്ടിട്ടുള്ളത് എന്നും കേട്ടു. ട്രസ്റ്റ് രൂപീകരിച്ച് പൈസയും കൊടുത്തു കഴിഞ്ഞപ്പോള്‍ ഒരിക്കല്‍ ഫണ്ട് കൈമാറുന്ന കാര്യം പറയാനാണെന്നു പറഞ്ഞ് ഞങ്ങള്‍ മൂന്നു പേരെയും ദുബായിലേക്കു വിളിപ്പിച്ചു. എന്നാല്‍ അവിടെ എത്തിയപ്പോള്‍ ബിജുവിന്റെ ഫോണ്‍ ഓഫായിരുന്നു. ഒരാഴ്ച സ്വന്തം ചെലവില്‍ ഞങ്ങള്‍ക്ക് അവിടെ താമസിക്കേണ്ടി വന്നു.
പിന്നീട് ഓഫിസില്‍ വിളിച്ചപ്പോള്‍ ബിജു യുകെയിലാണെന്നും വിളിക്കുമ്പോള്‍ പറയാമെന്നുമായിരുന്നു മറുപടി. ഇതിനിടെയാണ്, മുമ്പു പരിചയമുണ്ടായിരുന്ന ഇതുപോലൊരു തട്ടിപ്പില്‍ അകപ്പെട്ട ഒരു അങ്കമാലി സ്വദേശി ഒരു ലിങ്ക് അയച്ചു തന്നത്. അത് തുറന്നു നോക്കിയപ്പോള്‍ ഞാന്‍ അമ്പരന്നു പോയി. ബിജു രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പഴയ വീഡിയോ ആയിരുന്നു അത്. അതോടെയാണ് പണം തട്ടിപ്പായിരുന്നു ഇവരുടെ ലക്ഷ്യമെന്നു മനസിലാകുന്നത്. പിന്നീട് ബന്ധപ്പെട്ടപ്പോള്‍ യാതൊരു മറുപടിയും ലഭിച്ചില്ല'' നിഷയെ ബന്ധപ്പെട്ടപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും റിന്‍ഷാദ് പറയുന്നു. അക്കാര്യങ്ങള്‍ എഫ്‌ഐആറിലുമുണ്ട്.
അതിനിടെയാണ്, തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് കാട്ടി റിന്‍ഷാദ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് റിന്‍ഷാദിന് സംരക്ഷണം ആവശ്യമായി വരുന്ന സാഹചര്യത്തില്‍ ഇത് നല്‍കണമെന്ന് മരട് എസ്എച്ച്ഒയ്ക്ക് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദേശം നല്‍കുകയായിരുന്നു. എഫ്‌ഐആര്‍ റജിസ്റ്റര്‍ െചയ്ത് അന്വേഷണം നടത്തിവരികയാണെന്നും ഇരുവരും തമ്മിലുള്ള പണമിടപാടുകള്‍ സംബന്ധിച്ച പരിശോധനയും നടക്കുന്നുണ്ടെന്ന് കടവന്ത്ര പൊലീസ് വ്യക്തമാക്കി. പല തവണകളായി പണമായിട്ടാണ് താന്‍ നല്‍കിയതെന്നും അതിന് ബിജു ഒപ്പിട്ടു നല്‍കിയ രസീതുകള്‍ തന്റെ പക്കലുണ്ടെന്നും റിന്‍ഷാദ് പറയുന്നു. റിന്‍ഷാദ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഡിജിപി നിര്‍ദേശിച്ചിട്ടുമുണ്ട്.
