ഇസ്ലാമിലേക്ക് മാറി ഐസിസില്‍ ചേര്‍ന്ന് സിറിയക്ക് പോയ ഇംഗ്ലീഷുകാരന്‍ ജയില്‍ വാസത്തിന് ശേഷവും ഭീകരവാദ പ്രവര്‍ത്തനത്തിന് ഇറങ്ങി; ഇസ്മയില്‍ വാട്ട്‌സണ്‍ എന്ന 35 കാരന്‍ അറസ്റ്റിലായത് ഭാര്യ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍
ജയില്‍ വാസത്തിന് ശേഷവും ഭീകരവാദ പ്രവര്‍ത്തനത്തിന് ഇറങ്ങി
ലിവര്‍പൂള്‍: സിറിയയില്‍ ഐസിസില്‍ ചേരാന്‍ ശ്രമിക്കുന്നതിനിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിഞ്ഞ് പുറത്തിറങ്ങിയ, ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ലിവര്‍പൂള്‍കാരന്‍, ഉത്തര ആഫ്രിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യു കെയില്‍ വീണ്ടും അറസ്റ്റിലായി. നേരത്തെ 2016 ല്‍ തുര്‍ക്കിയില്‍ വെച്ച് അറസ്റ്റിലാകുകയും നാട് കടത്തപ്പെടുകയും ചെയ്ത, മുന്‍ ആമസോണ്‍ ജീവനക്കാരനായ ഇസ്മയില്‍ വാട്ട്‌സണ്‍ എന്ന35 കാരനാണ് അറസ്റ്റിലായത്.പ്യുര്‍ മാട്രിമണി വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട് വിവാഹിതനായ ഇയാളുടെ ഭാര്യ ഇയാളുടെ രഹസ്യങ്ങള്‍ അറിഞ്ഞ് പോലീസുകാര്‍ക്ക് കൈമാറുകയായിരുന്നു എന്നാണ് പറയുന്നത്.
ഡീ റാഡിക്കലൈസേഷന്‍ പൂര്‍ത്തിയാക്കാന്‍ പരാജയപ്പെട്ടതിനാല്‍ അഞ്ച് വര്‍ഷത്തെ തടവ് പൂര്‍ണ്ണമായും അനുഭവിച്ചതിന് ശേഷം 2022 ഫെബ്രുവരി 25 ന് ആണ് ഇയാള്‍ പുറത്തിറങ്ങിയത്. പ്യുര്‍ ജിമ്മില്‍ ക്ലീനറായി ജോലിക്ക് കയറിയെങ്കിലും ഇയാള്‍ പലപ്പോഴും കൃത്യ സമയത്ത് ജോലിക്ക് വരാറില്ലായിരുന്നു എന്നാണ് ഇയാളുടെ പ്രൊബേഷന ഓഫീസര്‍മാര്‍ പറയുന്നത്. അതിനിടയില്‍, 2023 ഫെബ്രുവരി 16 ന് ഇയാള്‍ ലിവര്‍പൂള്‍ പാസ്സ്‌പോര്‍ട്ട് ഓഫീസിലെത്തി, തന്റെ പാസ്സ്‌പോര്‍ട്ട് കളഞ്ഞുപോയതായി അവകാശപ്പെട്ട് പുതിയ പാസ്സ്‌പോര്‍ട്ടിനായി അപേക്ഷിക്കുകയും ചെയ്തു.
അതേവര്‍ഷം നവംബറില്‍ ഇയാള്‍ ഒരു മൊറോക്കോ വനിതയെ വിവാഹം കഴിച്ചെന്നും അവിടെ പോകാനോ അല്ലെങ്കില്‍ അവരെ യു കെയില്‍ കൊണ്ടുവന്ന് ഇവിടെ ഒരുമിച്ച് താമസിക്കാനോ ഉദ്ദേശിക്കുന്നതായും ഇയാള്‍ പ്രൊബേഷന്‍ ഓഫീസര്‍മാരോട് പറഞ്ഞിരുന്നു. മൊറോക്കോയില്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പുതിയ തീവ്രവാദ സംഘന്നള്‍ ശക്തിപ്രാപിച്ചു വരുന്നതിനാല്‍, ഓഫീസര്‍മാര്‍ അതിന് അനുവദിച്ചില്ല. മാത്രമല്ല കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇയാളുടെ പാസ്സ്‌പോര്‍ട്ട് കണ്ടുകെട്ടുകയും ചെയ്തു.
തുടര്‍ന്ന് ഡബ്ലിനിലെക്കെന്ന് പറഞ്ഞ് യാത്രയായ ഇയാല്‍ മുങ്ങുകയായിരുന്നു.പിന്നീട് സെപ്റ്റംബറില്‍ ഇയാളെ കെന്റില്‍ വെച്ച് അറസ്റ്റ് ചെയ്തപ്പോള്‍, അലി നാസര്‍ എന്നാണ് പേര് എന്നും ഇതിന് മുന്‍പ് അറസ്റ്റിലായിട്ടില്ല എന്നുമായിരുന്നു അയാള്‍ അവകാശപ്പെട്ടത്. എന്നാല്‍, ആളെ തിരിച്ചറിഞ്ഞ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൊറോക്കോയിലേക്ക് കടന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനായിരുന്നു ഇയാളുടെ ഉദ്ദേശ്യം എന്ന് ചോദ്യം ചെയ്യലില്‍ മനസ്സിലായി. തുടര്‍ന്നാണ് ഇയാളുടെ മേല്‍ കേസ് ചാര്‍ജ്ജ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. 28 മാസത്തെ തടവാണ് ഇയാള്‍ക്ക് കോടതി വിധിച്ചത്.