ജീവനെടുത്ത് തെരുവുനായ! വീടിനകത്ത് കയറി കിടപ്പുരോഗിയായ വൃദ്ധയെ ആക്രമിച്ചു; 84കാരിക്ക് ദാരുണാന്ത്യം; പരിക്കേറ്റ മകന്‍ ഗുരുതരാവസ്ഥയില്‍; നായയെ പിടികൂടാനായില്ല; നാട്ടുകാര്‍ പ്രതിഷേധത്തില്‍

Update: 2026-03-12 16:14 GMT

തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വൃദ്ധയെ തെരുവ് നായ വീട്ടില്‍ കയറി കടിച്ചുകൊലപ്പെടുത്തി. വെള്ളറക്കാട് കൊല്ലന്‍പടി സ്വദേശി 84കാരിയായ കാര്‍ത്യായനി ആണ് അതിദാരുണമായി മരിച്ചത്. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കാര്‍ത്യായനിയുടെ മകന്‍ ദേവദാസന് കടിയേറ്റു. നായ പ്രദേശത്തെ മറ്റ് നായകളെയും കടിച്ചിട്ടുണ്ട്. അതേസമയം നായയെ ഇതുവരെ പിടികൂടാനായിട്ടില്ല. നാട്ടുകാര്‍ പ്രതിഷേധത്തിലാണ്

വീടിന്റെ വാതില്‍ തുറന്നുകിടന്ന സമയത്ത് അകത്തുകയറിയ നായ കട്ടിലില്‍ കിടക്കുകയായിരുന്ന കാര്‍ത്ത്യായനിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വയോധികയുടെ മുഖവും ശരീരമാസകലവും നായ കടിച്ചു കീറിയ നിലയിലാണ്. കാര്‍ത്ത്യായനിയുടെ ജീവനെടുത്ത തെരുവുനായ, ഇവരുടെ മാനസിക പ്രശ്‌നങ്ങളുള്ള മകന്‍ ദേവദാസനെയും (60) ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേവദാസന്റെ ശരീരമാകെ നായ കടിച്ച് മുറിച്ചിട്ടുള്ള അവസ്ഥയിലാണ്. വീട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും കാര്‍ത്ത്യായനി മരണപ്പെട്ടിരുന്നു. വയോധികയെയും മകനെയും ആക്രമിച്ച ശേഷം ഓടിപ്പോയ നായയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ജനവാസ മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Similar News