വര്‍ഷങ്ങളായി താമസം കക്കാട്; നാട്ടുകാരുമായി വലിയ ബന്ധമില്ല; രണ്ടു ദിവസമായി അധ്യാപകര്‍ സ്‌കൂളില്‍ പോകുന്നില്ല; സാമ്പത്തിക പ്രതിസന്ധിയില്‍ സംശയങ്ങള്‍; മൃതദേഹം പഠനത്തിന് കൊടുക്കണമെന്ന് ആത്മഹത്യാ കുറിപ്പ്; മക്കളെ കൊന്ന് ആത്മഹത്യ ചെയ്ത അച്ഛനും അമ്മയും; നാലു മരണത്തില്‍ ഞെട്ടി വിറച്ച് ചോറ്റാനിക്കര

Update: 2024-10-14 08:28 GMT

എറണാകുളം: ചോറ്റാനിക്കരയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ സംശയിച്ച് പോലീസ്. അധ്യാപക ദമ്പതികളായ രഞ്ജിത്, രശ്മി ഇവരുടെ മക്കളായ ആദി (9), ആദ്യ (7) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തികബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം. എന്നാല്‍ ഇതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

അതേസമയം സാമ്പത്തിക ബാധ്യത ഉള്ളതായി നാട്ടുകാര്‍ക്ക് അറിവില്ല. രഞ്ജിത്തും കുടുംബവും നാട്ടുകാരുമായി അധികം ബന്ധം പുലര്‍ത്തിയിരുന്നില്ല. രഞ്ജിത്ത് ജോലി ചെയ്തിരുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലാണ് കുടുംബത്തിന് സാമ്പത്തികബാധ്യത ഉണ്ടെന്ന വിവരം പങ്കുവച്ചത്. പ്രിന്‍സിപ്പല്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. ഇതേ തുടര്‍ന്ന് അന്വേഷിച്ചെത്തി. ഈ സമയം തന്നെ നാട്ടുകാര്‍ ആത്മഹത്യാ വിവരം മനസ്സിലാക്കിയിരുന്നു. പെരുമ്പാവൂര്‍ കണ്ടനാട് സ്‌കൂള്‍ അധ്യാപകനായ രഞ്ജിത്തും കുടുംബവുമാണ് മരിച്ചത്. ഭാര്യ രശ്മി പൂത്തോട്ട സ്‌കൂള്‍ അദ്ധ്യാപികയാണ്.

നാലുപേരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിന് വൈദ്യപഠനത്തിന് കൈമാറണമെന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ചോറ്റാനിക്കര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. രഞ്ജിത്തിനെയും രശ്മിയെയും തൂങ്ങിയ നിലയിലും മക്കളെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സമീപത്ത് നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ഇതില്‍ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ആത്മഹത്യാ വാദം പോലീസ് ഉറപ്പിക്കുന്നുണ്ട്.

എന്താണ് മരണകാരണമെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. രാവിലെ വീട്ടില്‍ നിന്ന് ഒരു പെരുമാറ്റവും ഇല്ലാതെവന്നതോടെ സംശയം തോന്നിയ അയല്‍വാസികള്‍ പരിശോധന നടത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. ഏഴും ഒന്‍പതും വയസുളള മകനെയും മകളെയും കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കിയതാവാമെന്നാണ് സംശയം. വിശദമായ പരിശോധനക്കു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്ന് ഡിവൈഎസ്പി ഷാജന്‍ പറഞ്ഞു.

കുടുംബത്തിന് സാമ്പത്തികബാധ്യതകളുണ്ടെന്നാണെ് അറിയാന്‍ സാധിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കണ്ടനാട് സ്‌കൂള്‍ അധ്യാപകരായ രഞ്ജിത്തിനെയും രശ്മിയെയും രണ്ടു ദിവസമായി കാണാതായതോടെ സ്‌കൂളില്‍ നിന്നും സഹപ്രവര്‍ത്തകര്‍ വിളിച്ചു നോക്കി. രണ്ടു ദിവസമായി ഒരു പ്രതികരണവും ഇല്ലാതായതോടെയാണ് അസ്വാഭാവികത തോന്നി അന്വേഷിക്കുന്നത്. ഇതിനിടെ നാട്ടുകാരുള്‍പ്പെടെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

വര്‍ഷങ്ങളായി കക്കാട് താമസിക്കുന്നവരാണെങ്കിലും നാട്ടുകാരുമായി വലിയ ബന്ധം കാത്തു സൂക്ഷിച്ചിരുന്നില്ല. പ്രശ്‌നങ്ങളൊന്നും ഉള്ളതായി അറിയില്ല, രാവിലെ ജോലിക്കു പോകും തിരിച്ചുവരും, അതിനപ്പുറം കുടുംബത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്ത സ്ഥലത്ത് തന്നെ ബന്ധുക്കളും താമസിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Tags:    

Similar News