കൂട്ടബലാല്‍സംഗത്തിനുശേഷം ശവങ്ങള്‍ കുഴിച്ചിട്ടുവെന്ന് പറയുന്ന നേത്രാവതി പുഴക്കരികെ നടത്തിയ ഒന്നാം ദിന കുഴിച്ചിലില്‍ ഒന്നും കിട്ടിയില്ല; കനത്ത മഴയായതിനാല്‍ സ്ഥലത്ത് ഉറവയും വെള്ളക്കെട്ടും; 2000 പേരോളം കൊല്ലപ്പെട്ടുവെന്ന് ആക്ഷന്‍ കമ്മറ്റി; ധര്‍മ്മസ്ഥലയിലെ ദുരൂഹതകള്‍ തുടരുന്നു
ധര്‍മ്മസ്ഥലയിലെ ദുരൂഹതകള്‍ തുടരുന്നു
ധര്‍മസ്ഥല മഞ്ജുനാഥക്ഷേത്രത്തിന്റെ പരിസരത്തായി ബലാല്‍സംഗം ചെയ്യപ്പെട്ട നിലയിലും കൈകാല്‍ വെട്ടിയ നിലയിലും, കണ്ടെത്തിയ നൂറോളം മൃതദേഹങ്ങള്‍ മറവുചെയ്തുവെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ ഭാഗമായി ഉണ്ടായ അന്വേഷണത്തിലെ ആദ്യ ദിന കുഴിച്ചിലില്‍ ഒന്നും കണ്ടെത്താനായിട്ടില്ല. ധര്‍മ്മസ്ഥലയിലെ വെളിപ്പെടുത്തല്‍ നടത്തിയ സ്ഥലത്ത് ആദ്യമായി പരിശോധിച്ച പോയിന്റ് നമ്പര്‍ ഒന്നില്‍ നിന്ന് ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. കനത്ത മഴയായതിനാല്‍ സ്ഥലത്ത് ഉറവയും വെള്ളക്കെട്ടുമാണ് നിലവിലുള്ളത്. മൂന്നടി താഴ്ചയില്‍ കുഴിച്ചു നോക്കിയിട്ടും ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ പുഴക്കര ആയതിനാല്‍ കുഴിച്ചുനോക്കി പരിശോധിക്കുന്നത് ദുഷ്‌കരമാണെന്ന് അന്വേഷണ സംഘം പറയുന്നു.
കൂടുതല്‍ പോയിന്റുകളില്‍ പരിശോധന നടത്തുന്ന കാര്യം ആലോചിച്ചു വരികയാണ്. ഐജി അനുചേതും എസ് പി ജിതേന്ദ്ര കുമാറും സ്ഥലത്തെത്തിയിട്ടുണ്ട്. ധര്‍മ്മസ്ഥലയിലെ ആദ്യ പോയിന്റിലെ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതല്‍ പരിശോധനയ്ക്ക് ജെസിബി എത്തിച്ചിട്ടുണ്ട്. സാക്ഷിക്ക് തൃപ്തിയാകുന്നത് വരെ കുഴിക്കാന്‍ തയ്യാറാണെന്നും നിലവില്‍ ഉറവയും വെള്ളക്കെട്ടും ഉള്ളതിനാല്‍ മണ്‍വെട്ടിയും ഉപകരണങ്ങളും കൊണ്ട് കൂടുതല്‍ കുഴിക്കാന്‍ കഴിയുന്നില്ലെന്നും അന്വേഷണ സംഘം പറയുന്നു. ഇന്ന് രാവിലെയാണ് ആദ്യ പോയിന്റില്‍ കുഴിച്ച് പരിശോധന തുടങ്ങിയത്. നിലവില്‍ പരിശോധന തുടരുകയാണ്.
2000 മൃതദേഹങ്ങളെന്ന് ആക്ഷന്‍ കമ്മറ്റി
അതേസമയം ശുചീകരണത്തൊഴിയാളി തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കയാണ്. ഇദ്ദേഹത്തിന് മതിയായ സുരക്ഷപോലും പൊലീസ് ഉറപ്പുവരുത്തുന്നില്ലെന്നും ആക്ഷേപമുണ്ട്്. ധര്‍മ്മസ്ഥല മാന്തിയെടുത്താല്‍ ലോഡ് കണക്കിന് മൃതദേഹങ്ങള്‍ കിട്ടുമെന്നാണ്, മലയാളിയായ ആക്ഷന്‍ കമ്മറ്റി അംഗം ജയന്ത് ടി പറയുന്നത്. ഇപ്പോഴും ഫ്യൂഡല്‍ സിസ്റ്റമാണ് ഇവിടെയെന്നും ധര്‍മ്മസ്ഥലക്ക് ഇനിയും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു. ഒരു 17കാരിയെ ബലാത്സഗം ചെയ്ത് കൊന്നതാണ് ഇപ്പോഴുള്ള രീതിയില്‍ ജനരോഷം എത്തുന്നതിന് കാരണം. ഈ 17കാരിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്ന് ഫോറന്‍സിക്ക് റിപ്പോര്‍ട്ട് ഉണ്ടായിട്ടും, ഒരു പ്രതിയെ മാത്രമാണ് പിടികൂടിയത്. അയാളെ കോടതി വെറുതെ വിടുകയും ചെയ്തു.
ഈ കേസിലെ മൂന്നുസാക്ഷികള്‍ ദുരൂഹമായി കൊല്ലപ്പെടുകയും ചെയ്തു. ബെല്‍ത്തങ്ങാടിയിലും പരിസരപ്രദേശത്തുമായി നിരവധി പെണ്‍കുട്ടികളെയാണ്, കാണാതായത് എന്നും ആക്ഷന്‍ കമ്മറ്റിക്കാര്‍ പറയുന്നു. ക്ഷേത്ര പരസരത്ത് കെട്ടിയിട്ട് അടിച്ചുകൊന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ എല്ലാം പൊലീസ് തേച്ചുമാച്ചുകളയുകയായിരുന്നു. ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ വന്നിട്ടും പൊലീസ് യഥാസമയം ഇടപെട്ടിട്ടില്ല. കേസ് പരമാവധി വൈകിക്കയാണ് ഉണ്ടായത്. എസ്ഐടി അന്വേഷണമൊക്കെ രണ്ടാഴ്ചയോളം താമസിച്ചു. ഈ ഘട്ടത്തില്‍ മൃതദേഹം മാറ്റിയോ എന്നും സംശയമുണ്ടെന്ന് ആക്ഷന്‍ കമ്മറ്റിക്കാര്‍ പറഞ്ഞു.
പേടി കാരണം പല പൊലീസ് ഉദ്യോഗസ്ഥരും ധര്‍മ്മസ്ഥല കേസ് അന്വേഷിക്കുന്ന സംഘത്തില്‍നിന്നും മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഡിജിപി പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തുന്നത്. അദ്ദേഹത്തിന് പുറമേ, ഡിഐജി എം.എന്‍. അനുഛേദ്, എസ്.പി. ജിതേന്ദ്രകുമാര്‍ ദയാമ എന്നിവര്‍ക്ക് പുറമേ വിവിധ ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടക്കം 20 പേരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്. ബെല്‍ത്തങ്ങാടി പോലീസ് സ്റ്റേഷന് സമീപത്തായി പ്രത്യേക അന്വേഷണസംഘത്തിന്റെ ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്. ധര്‍മസ്ഥലയിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പരാതി അറിയിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാകും.
കേസിന്റെ സ്വഭാവം കണക്കിലെടുത്ത് അതീവ രഹസ്യമായിട്ടായിരിക്കും പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം. കേസുമായി ബന്ധപ്പെട്ട യോഗങ്ങളെക്കുറിച്ചോ അന്വേഷണവിശദാംശങ്ങളോ മറ്റുനീക്കങ്ങളോ പുറത്തുപോകരുതെന്ന് എസ്‌ഐടി അംഗങ്ങള്‍ക്ക് കര്‍ശനനിര്‍ദേശമുണ്ടെന്ന് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. 1995 മുതല്‍ 2014 വരെയുള്ള കാലയളവില്‍ നൂറോളംപേരുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളി നടത്തിയ വെളിപ്പെടുത്തല്‍. ഇതില്‍ മിക്കവരും സ്ത്രീകളും പെണ്‍കുട്ടികളുമാണെന്നും ബലാത്സംഗത്തിനിരയായാണ് പലരും കൊല്ലപ്പെട്ടതെന്നും ഇയാള്‍ പറഞ്ഞിരുന്നു.
സംഭവം വിവാദമായതോടെയാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപവ്തകരിച്ചത്.