ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലന്‍സ്; സ്വര്‍ണം സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിച്ചതും കാര്യങ്ങള്‍ ഏകോപിപ്പിച്ചതും സുഹൃത്തായ സുരേഷ് ഗോപി; രണ്ട് പവന്‍ സ്വര്‍ണമാണ് സംഭാവന ചെയ്തത്; തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ സ്വര്‍ണം സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചവെന്ന് മോഹന്‍ലാലിന്റെ മൊഴി

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലന്‍സ്

Update: 2026-02-27 03:28 GMT

പത്തനംതിട്ട: ശബരിമലയിലെ കൊടിമര മാറ്റത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലന്‍സ്. സ്വര്‍ണം സംഭാവന നല്‍കിയതിന്റെ വിവരങ്ങളാണ് നടന്‍മാരില്‍ നിന്നും വിജിലന്‍സ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്. സ്വര്‍ണം സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിച്ചതും കാര്യങ്ങള്‍ ഏകോപിപ്പിച്ചതും സുഹൃത്തായ സുരേഷ് ഗോപിയാണെന്നാണ് മോഹന്‍ലാലിന്റെ മൊഴി. രണ്ട് പവന്‍ സ്വര്‍ണമാണ് സംഭാവന ചെയ്തതെന്നും നടന്‍ മൊഴി നല്‍കി.

തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ രണ്ട് പവന്‍ സ്വര്‍ണം സുഹൃത്ത് മുഖേനയാണ് പമ്പയിലെത്തിച്ചതെന്നും മോഹന്‍ ലാലിന്റെ മൊഴിയില്‍ പറയുന്നു. തിരുവനന്തപുരത്ത് വച്ചാണ് മോഹന്‍ലാലിന്റെ മൊഴിയെടുത്തത്. ദിലീപിന്റെ മൊഴി കൊച്ചിയില്‍ വച്ചും രേഖപ്പെടുത്തി. കേസില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെയും മൊഴി രോഖപ്പെടുത്തിയിരുന്നു.

സംഭാവന നല്‍കിയ സ്വര്‍ണത്തിന്റെ അളവ്, അതുമായി ബന്ധപ്പെട്ടുള്ള മറ്റ് കാര്യങ്ങള്‍ എന്നിവയാണ് പ്രധാനമായും ചോദിച്ചത്. എന്നാല്‍ സ്വര്‍ണത്തിന്റെ സംഭാവനയുമായി ബന്ധപ്പെട്ട കൃത്യമായ കണക്ക് ഇല്ല എന്നുള്ള മൊഴിയാണ് സുരേഷ് ഗോപി നല്‍കിയത് എന്നാണ് അറിയുന്നത്. കൂടുതല്‍ താരങ്ങളോട് പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സംഭാവന നല്‍കാന്‍ നിര്‍ദേശം നല്‍കിയതായും സുരേഷ് ഗോപി മൊഴി നല്‍കിയതായും സൂചനയുണ്ട്.

രണ്‍ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ് കുമാര്‍, ഷാജി കൈലാസ് ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ശബരിമല കൊടിമര പുനഃപ്രതിഷ്ഠ സമയത്ത് 27 പേരാണ് സ്വര്‍ണം നല്‍കിയതെന്നാണ് രേഖകള്‍ പറയുന്നത്. എന്നാല്‍ രേഖകളില്‍ കാണിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ സ്വര്‍ണം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എല്ലാവരുടെയും മൊഴി ഈ ആഴ്ച്ച തന്നെ രേഖപ്പെടുത്താനാണ് അന്വേഷണസംഘം നീക്കം നടത്തുന്നത്.

ഡിവൈഎസ്പി ഹരി സി.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ദക്ഷിണ മേഖലാ എസ്പി മേല്‍നോട്ടം വഹിക്കും. മൂന്ന് വിജിലന്‍സ് യൂണിറ്റുകളുടെ ഇന്‍സ്പെക്ടര്‍മാരും സംഘത്തിലുണ്ട്. ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയുടെ മറവിലും സ്വര്‍ണക്കൊള്ള നടന്നെന്ന സൂചനയാണ് ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. സ്വര്‍ണം പൂശിയ ശേഷം മിച്ചം വന്ന 30 പവനോളം സ്വര്‍ണം എവിടെയെന്നതിലും വിശ്വാസികള്‍ സംഭാവന നല്‍കിയ സ്വര്‍ണത്തിന്റെ അളവിലും വ്യക്തതയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊടിമരത്തില്‍ പൂശാനായി 9 കിലോ 160 ഗ്രാം സ്വര്‍ണം ദേവസ്വം ബോര്‍ഡ് പണം നല്‍കി കസ്റ്റംസില്‍ നിന്ന് വാങ്ങിയിരുന്നു. ഇതുകൂടാതെ 412 ഗ്രാം സ്വര്‍ണം ഭക്തര്‍ സംഭാവനയായി നല്‍കി. സിനിമാതാരം നല്‍കിയ 80 ഗ്രാമും നിര്‍മാതാവ് നല്‍കിയ 247 ഗ്രാമുമെല്ലാം ഇതില്‍ ഉള്‍പ്പെടും. അങ്ങനെ ആകെ 9 കിലോ 570 ഗ്രാം സ്വര്‍ണം ലഭിച്ചു. ഇതില്‍ 9 കിലോ 340 ഗ്രാം മാത്രമാണ് ഉപയോഗിച്ചത്. ബാക്കിവന്ന 233 ഗ്രാം അഥവാ 30 പവന്‍ സ്വര്‍ണം എവിടെയെന്നതിന് രേഖയില്ല. എത്ര സ്വര്‍ണം ലഭിച്ചുവെന്ന കണ്ടെത്താനാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്.

Tags:    

Similar News