മോഷണക്കുറ്റം ആരോപിച്ച് 24കാരിയുടെ ആത്മഹത്യ; ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ആക്ഷന്‍ കമ്മിറ്റി; സംശയലുവായ ഭര്‍ത്താവ് ജസീലയെ മാനസികമായി ബുദ്ധിമുട്ടിച്ചു; ജസീലയുടെ കയ്യില്‍ നിന്ന് സുഹൃത്ത് പണം വാങ്ങിയതില്‍ അന്വേഷണം വേണമെന്നും ആക്ഷന്‍ കമ്മറ്റി

മോഷണക്കുറ്റം ആരോപിച്ച് 24കാരിയുടെ ആത്മഹത്യ; ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ആക്ഷന്‍ കമ്മിറ്റി

Update: 2026-02-28 05:58 GMT

കാസര്‍കോട്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയതില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ആക്ഷന്‍ കമ്മിറ്റി. വിദ്യാനഗര്‍ ആലമ്പാടി നാലത്തടുക്ക സ്വദേശി കെ.വൈ ജലീലിന്റെയും മുംതാസിന്റെയും മകള്‍ ജസീല (24) ആണ് മരിച്ചത്. ജസീലയെ സംശയിക്കുന്ന സമീപനമായിരുന്നു ഭര്‍ത്താവിനെന്നാണ് ആക്ഷന്‍ കമ്മറ്റി ആരോപിക്കുന്നത്.

ജസീലയുടെ കയ്യില്‍ നിന്ന് സുഹൃത്ത് അഫ്രീദ് പണം വാങ്ങിയതില്‍ അന്വേഷണം വേണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ജസീലയുടെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.ചെയ്യാത്ത തെറ്റിന്റെ പേരിലാണ് അപമാനം നേരിടേണ്ടി വന്നതെന്ന് പറയുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു ജസീല ആത്മഹത്യ ചെയ്തത്.

യുവതിക്ക് ആറും നാലും വയസുള്ള രണ്ടു മക്കളുണ്ട്.ഫെബ്രുവരി 15നാണ് ജസീലയെ വീടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മജിസ്ട്രേറ്റ് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. മരണത്തിന് പിന്നാലെ യുവതിയുടെ വീഡിയോ സന്ദേശം കുടുംബം പുറത്തുവിടുകയായിരുന്നു.

മുളിയാര്‍ പൊവ്വലിലെ ഭര്‍തൃവീട്ടിന് സമീപത്തെ ആയിഷയും മകനും ജസീലക്കെതിരെ സ്വര്‍ണ്ണ മോഷണ കുറ്റം ആരോപിച്ചിരുന്നു. ഒമ്പതര പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ വീട്ടില്‍ നിന്നും കാണാതായെന്നായിരുന്നു പരാതി. എന്നാല്‍ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ അഞ്ചര പവനാണ് കാണാതായതെന്നും എടുത്തത് ജസീല ആണെന്നും ആയിഷ പരാതി നല്‍കി.

തുടര്‍ന്ന് ആദൂര്‍ പൊലീസ് യുവതിയെ ചോദ്യംചെയ്ത് മൊഴിയെടുത്ത് വിട്ടയച്ചു. മോഷണത്തിനുപിന്നില്‍ ആയിഷയുടെ ഇളയ മകനാകാന്‍ സാദ്ധ്യതയുണ്ടെന്ന് ജസീല പറഞ്ഞിരുന്നു. ആയിഷയും കുടുംബവും യുവതിയുടെ ആലംപാടിയിലെ വീട്ടിലെത്തി സ്വര്‍ണ്ണം ആവശ്യപ്പെട്ട് പ്രശ്‌നം ഉണ്ടാക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലടക്കം നടന്ന അധിക്ഷേപത്തില്‍ മനംനൊന്താണ് യുവതി വിഷം കഴിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. പൊലീസില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും സ്വീകരിച്ചില്ലെന്നും ജസീല വീഡിയോയില്‍ പറഞ്ഞിരുന്നു.

Tags:    

Similar News